വീട്ടിൽ നിന്ന് അമ്മയെ പുറത്താക്കിയ മകന് 'കണക്കിന് തന്നെ കിട്ടി'; മകനെ പുറത്താക്കി വീട് അമ്മയ്ക്ക് തിരികെ നൽകി

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി. മലപ്പുറം തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. റവന്യൂ അധികൃതർ മകനെ വീട്ടിൽ നിന്ന് പുറത്താക്കി അമ്മക്ക് വീട് തിരികെ നൽകി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അമ്മയ്ക്ക് വീട് ലഭിച്ചത്. തൃക്കുളം അമ്പലപ്പടി സ്വദേശി തണ്ടാശ്ശേരി വീട്ടിൽ  കുമാരന്‍റെ ഭാര്യ രാധ(78)ക്കാണ് മകൻ സുരേഷ് കുമാറിൽ നിന്ന് വീട് ലഭ്യമാക്കിയത്.   

ആർഡിഒയ്‌ക്ക് രാധ പരാതി നല്‍കിയത് 2021ലാണ്. മകനിൽ നിന്ന് ഏഴ് വര്‍ഷത്തോളമായി ശാരീരിക ഉപദ്രവങ്ങൾ നേരിടുകയാണെന്നും രാധ പരാതിൽ പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത് മകൻ ജില്ലാ കളക്‌ടറെ സമീപിച്ചെങ്കിലും ജില്ലാ കളക്‌ടറും അമ്മയ്‌ക്ക് അനുകൂലമായി ഉത്തരവിട്ടു. ഇതോടെയാണ് സുരേഷ് കുമാര്‍ ഹൈക്കോടതിയിൽ എത്തിയത്.   ഹൈക്കോടതിയും അമ്മയ്‌ക്ക് അനുകൂലമായി വിധി പറയുകയായിരുന്നു.

ഹൈക്കോടതി വിധി പറഞ്ഞെങ്കിലും താമസം മാറാൻ സമയം അനുവദിക്കണമെന്ന് സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. അഞ്ച് ദിവസം സമയം അനുവദിച്ചെങ്കിലും മകൻ തയ്യാറായില്ല. ഇതോടെ ഇന്നലെ വൈകിട്ട് സബ് കളക്‌ടർ ദിലീപിന്റെ നേതൃത്വത്തിലുള്ള ഉന്നത റവന്യു ഉദ്യോഗസ്ഥരും തിരൂരങ്ങാടി പൊലീസും വീട്ടിലെത്തി. എന്നാൽ, ഈ സമയം രാധയുടെ മകന്റെ മകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വാതിലടച്ച് വീട്ടിലിരിക്കുകയായിരുന്നു. ഒടുവിൽ ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ചാണ് വീടിനുള്ളിൽ കയറി നടപടികൾ സ്വീകരിച്ചത്.  

Post a Comment

Previous Post Next Post