പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ പാകിസ്താന് കനത്ത മറുപടി നൽകുമ്പേൾ മറുവശത്ത് ഓപ്പറേഷൻ സിന്ദൂറിനായി മത്സരിച്ച് ബോളിവുഡ് സിനിമാലോകം. സിനിമാ നിർമാതാക്കളും ബോളിവുഡ് സ്റ്റുഡിയോകളുമുൾപ്പെടെ 15 പേരാണ് ഈ പേരിനുവേണ്ടി സമീപിച്ചിട്ടുള്ളത്. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് പ്രസിഡൻറ് ബി.എൻ തിവാരിയാണ് വിവരം പുറത്തുവിട്ടത്.
സിനിമകൾക്ക് പേര് അനുവദിക്കുന്ന സംഘടനയായ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയാണ് പേരിനായി നിർമാതാക്കളുൾപ്പെടെ സമീപിച്ചിരിക്കുന്നത്. ബോളിവുഡിൽ ഇതൊരു പുതിയ സംഭവമല്ല എന്നുകൂടി ഇവിടെ ഓർക്കേണ്ടതുണ്ട്. ദേശീയ പ്രാധാന്യമുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ സിനിമ ഷൂട്ട് ചെയ്തില്ലെങ്കിൽക്കൂടി അവ സിനിമയാക്കുന്നതിനുള്ള പേര് രജിസ്റ്റർ ചെയ്യുന്നതിനായി മത്സരം ഉണ്ടാകാറുണ്ട്. താനും പേര് രജിസറ്റർ ചെയ്യാൻ അപേക്ഷിച്ചതായി അശോക് പണ്ഡിറ്റും അറിയിച്ചിരിക്കുകയാണ്.
സിനിമ നിർമിക്കുമോ എന്നുറപ്പില്ലെങ്കിൽക്കൂടി പ്രധാന സംഭവങ്ങൾ വരുമ്പോൾ പേര് രജിസ്റ്റർ ചെയ്യുന്നത് സിനിമാ രംഗത്ത് സ്വാഭാവികമാണെന്നാണ് അദ്ദേഹം പറയുന്നത്.ലഭിക്കുന്ന വിവരമനുസരിച്ച് മഹാവീർ ജയിനിൻറെ കമ്പനിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിനായി ആദ്യം സമീപിച്ചത്. ഇവരെക്കൂടാതെ ടീ-സീരീസ്, സീ സ്റ്റുഡിയോ തുടങ്ങിയവരും പേരിനായി രജിസ്‍റ്റർ ചെയ്തിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസും ഓപ്പറേഷൻ സിന്ദൂറിൻറെ അവകാശം ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്.
Post a Comment