“ചിറക് 2025” — ചാമ്പ്യന്മാരായി ശാന്തി സദനം സ്കൂൾ ഫോർ ഡിഫറെന്റലി എബിൾഡ്, പുറക്കാട്.

കോഴിക്കോട്: കാരുണ്യതീരം ക്യാമ്പസിൽ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം “ചിറക് 2025” മികച്ച മത്സരങ്ങളും ആവേശകരമായ പങ്കാളിത്തവുമൊടുകൂടി നിറഞ്ഞൊഴുകി.

ഈ വർഷത്തെ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ശാന്തി സദനം സ്കൂൾ ഫോർ ഡിഫറെന്റലി എബിൾഡ്, പുറക്കാട്. നെസ്റ്റ് സ്പെഷ്യൽ സ്കൂൾ, കൊയിലാണ്ടി റണ്ണറപ്പും തണൽ കരുണ, കുറ്റ്യാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ 22 സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള 246 ഭിന്നശേഷി വിദ്യാർത്ഥികൾ മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, ചിത്രരചന, പെയിന്റിംഗ്, ഉപകരണസംഗീതം തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങളിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചു.

ഉദ്ഘാടന ചടങ്ങിൽ സ്വാഗതസംഘം ചെയർമാനും കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പ്രേംജി ജെയിംസ് അധ്യക്ഷത വഹിച്ചു. അഡ്വ. പി. ടി. എ. റഹീം എം.എൽ.എ. കലോത്സവം ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് മോയത്ത്, ഡി.ഇ.ഒ. സുബൈർ, എ.ഇ.ഒ. പൗളി മാത്യു, പ്രശസ്ത സിനിമാതാരം പ്രദീപ് ബാലൻ, കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂർ, ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡണ്ട് ഡോ. ബഷീർ പൂനൂർ, ട്രഷറർ സമദ് പാണ്ടിക്കൽ, സെക്രട്ടറി ടി.എം. താലിസ്, കോഴിക്കോട് പരിവാർ സെക്രട്ടറി രാജൻ തെക്കയിൽ, പ്രതീക്ഷാഭവൻ ചെയർമാൻ അബ്ദുൽ ഹക്കീം, കെ. അബ്ദുൽ മജീദ്, ഡോ. ഇസ്മായിൽ മുജദ്ദിതി തുടങ്ങിയവർ ആശംസകൾ നേർന്നു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ ബാവ സ്വാഗതവും, സി.ഒ.ഒ. മുഹമ്മദ് നവാസ് ഐ.പി. നന്ദിയും അറിയിച്ചു.

കലോത്സവ വേദിയിൽ കലാപരിപാടികൾക്കൊപ്പം സ്പെഷ്യൽ സ്കൂളുകളിലെ തൊഴിൽ യൂണിറ്റുകളിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വിപണന സ്റ്റാളുകളും, നാഷണൽ ട്രസ്റ്റ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ ഹെൽപ്പ് ഡെസ്കുകളും ഒരുക്കിയിരുന്നു. സമാപന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനം കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി വിതരണം ചെയ്തു.

Post a Comment

Previous Post Next Post