ഒന്നര വർഷം മുമ്പ് നടന്ന ലോകകപ്പ് ഫൈനലിൽ സ്വന്തം നാട്ടിലേറ്റ പരാജയത്തിന് ദുബൈയിൽ പകവീട്ടി ടീം ഇന്ത്യ. ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ആസ്ട്രേലിയയെ നാല് വിക്കറ്റിന് തകർത്ത് നീലക്കുപ്പായക്കാർ ഫൈനൽ ബർത്ത് ഉറപ്പിച്ചു. അർധ സെഞ്ച്വറി നേടിയ ചേസ് മാസ്റ്റർ വിരാട് കോഹ്‌ലിയാണ് (98 പന്തിൽ 84) ഇന്ത്യയുടെ ടോപ് സ്കോറർ.
ബുധനാഴ്ചത്തെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക - ന്യൂസിലൻഡ് പോരാട്ടത്തിൽ ജയിക്കുന്ന ടീമിനെ ഇന്ത്യ ഞായറാഴ്ച ഫൈനലിൽ നേരിടും. സ്കോർ: ആസ്ട്രേലിയ - 49.3 ഓവറിൽ 264ന് പുറത്ത്, ഇന്ത്യ - 48.1 ഓവറിൽ ആറിന് 267.കോഹ്‌ലിയുടെ ക്ലാസ് ഇന്നിങ്സിന് പറമെ നായകൻ രോഹിത് ശർമ (29 പന്തിൽ 28) ശ്രേയസ് അയ്യർ (62 പന്തിൽ 45), കെ.എൽ. രാഹുൽ (34 പന്തിൽ 42*), ഹാർദിക് പാണ്ഡ്യ (24 പന്തിൽ 28) എന്നിവരുടെ ഇന്നിങ്സും ഇന്ത്യൻ ജയത്തിൽ നിർണായകമായി.
ഓപണർ ശുഭ്മൻ ഗിൽ എട്ട് റൺസുമായി പുറത്തായി. മത്സരത്തിന്‍റെ ഒരുഘട്ടത്തിലും ഇന്ത്യൻ ബാറ്റർമാർക്കുമുന്നിൽ വലിയ വെല്ലുവിളി ഉയർത്താൻ ഓസീസിനായില്ല. ഇടക്ക് ഫീൽഡിൽ ക്യാച്ചുകൾ കൈവിട്ടതും ഇന്ത്യക്ക് അനുകൂലമായി. ആസ്ട്രേലിയക്കെതിരെ ഒരു ടീം നോക്ക്റൗണ്ടിൽ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.
Post a Comment