രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല. ഇതിനാൽ കൂടുതൽ പരിശോധനകളിലേക്ക് കടക്കാനാണ് തീരുമാനം. കുഞ്ഞിന് എച്ച്എംപിവിയുടെ ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്ന് അടക്കം വ്യക്തമായിട്ടില്ല.
കർണ്ണാടകയിലെ വൈറസ് സാന്നിധ്യം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. വിദഗ്ധ സംഘം ഇന്നലെയും ചൈനയിലെ സാഹചര്യം വിലയിരുത്തി. ലോകാരോഗ്യ സംഘടനയുയായി നിരന്തരം സമ്പർക്കത്തിലെന്നും മന്ത്രാലയം അറിയിച്ചു. രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക.
ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് എച്ച് എം പിവി ലക്ഷണങ്ങൾ. 2001 മുതൽ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്ര വ്യാപകമായി പടർന്നുപിടിച്ചിരുന്നില്ല. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ലഭ്യമല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് നൽകുക.
Post a Comment