മോട്ടോർ വാഹനവകുപ്പിൽ നിന്നുള്ള എല്ലാ സേവനങ്ങളും മാർച്ച് ഒന്നുമുതൽ ആധാർ അധിഷ്ഠിതമാക്കുന്നു. ഇതിന് മുന്നോടിയായി വാഹന ഉടമകൾ ആധാറുമായി ലിങ്ക് ചെയ്ത് മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ ഉൾപ്പെടുത്തണമെന്നാണ് ഗതാഗത കമീഷണറുടെ നിർദേശം. ഇ-സേവ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി മൊബൈൽ നമ്പർ പരിവാഹനിൽ അപ്ഡേറ്റ് ചെയ്യാം. ഇതിനായി ആർ.ടി.ഒ-ജോയന്റ് ആർ.ടി.ഒ ഓഫിസുകളിൽ പ്രത്യേക കൗണ്ടറുകളും തയാറാക്കിയിട്ടുണ്ട്.
ഫെബ്രുവരി ഒന്നുമുതൽ 28 വരെയാണ് അപ്ഡേഷന് അവസരം. പലവട്ടം പരീക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ ഇടങ്കോലിൽ പരാജയപ്പെട്ട സംവിധാനമാണ് ആധാർ അധിഷ്ഠിത സേവന സൗകര്യം. സേവനങ്ങൾക്കുള്ള അപേക്ഷ നടപടികൾ പൂർത്തീകരിക്കുന്നതിന് ആധാർ ഉപാധിയാക്കുകയും ആധാർ ലിങ് ചെയ്ത ഫോൺ നമ്പറിലേക്ക് ഒ.ടി.പി എത്തുമെന്നതുമാണ് പ്രത്യേകത. ഇടനിലക്കാരുടെ ഇടപെടൽ ഒഴിവാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
വാഹന ഉടമസ്ഥാവകാശ കൈമാറ്റം, പെര്‍മിറ്റ് സേവനങ്ങള്‍, ഫിനാന്‍സ് സേവനങ്ങള്‍ തുടങ്ങിയവ നേരത്തെ ആധാർ അധിഷ്ഠിതമാക്കിയിരുന്നു. ആധാർ നമ്പറിന് പുറമെ, ബദൽ സൗകര്യമെന്ന നിലയിൽ മൊബൈൽ നമ്പർ കൂടി നൽകി ഒ.ടി.പി സ്വീകരിച്ച് ഓൺലൈൻ നടപടി പൂർത്തിയാക്കാനുള്ള സൗകര്യം അന്നുണ്ടായിരുന്നു. ആധാർ നൽകിയാൽ ആധാർ ലിങ്ക് ചെയ്ത നമ്പറിലേക്കും മൊബൈൽ ഫോൺ നൽകിയാൽ ആ നമ്പറിലേക്കും ഒ.ടി.പി എത്തുമായിരുന്നു. ഇതാകട്ടെ, ഇടനിലക്കാർക്ക് സൗകര്യവുമായി. ഇടനിലക്കാർ തങ്ങളുടെ മൊബൈൽ നമ്പർ നൽകി ഒ.ടി.പി സ്വീകരിച്ച് നടപടികൾ പൂർത്തിയാക്കുന്ന സ്ഥിതിയായി. ക്രമേണ ആധാറില്ലാതെ മൊബൈൽ ഫോൺ നമ്പർ നൽകുന്ന രീതി മാത്രമായി. ഇത് അവസാനിപ്പിച്ചാണ് ആധാറിൽ മാത്രമായി ഒ.ടി.പി സേവനം പരിമിതപ്പെടുത്തുന്നത്.
Post a Comment