കൊല്ലം കുണ്ടറയില്‍ മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിനാല്‍ അമ്മയെയും മുത്തച്ഛനെയും അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി കാശ്മീരിലെ ശ്രീനഗറില്‍ നിന്നും കേരള പോലീസിന്‍റെ പിടിയിലായി. 2024 ഓഗസ്റ്റ് 16ന് വൈകുന്നേരം കുണ്ടറ പടപ്പക്കരയില്‍ അമ്മ പുഷ്പലതയെയും മുത്തച്ഛന്‍ ആന്‍റണിയെയും അഖില്‍ കുമാര്‍ അതിക്രൂരമായി ചുറ്റികയും ഉളിയും ഉപയോഗിച്ച് ആക്രമിച്ചു. പ്രതിയുടെ മാതാവ് സംഭവ സ്ഥലത്തും മുത്തച്ഛന്‍ ആശുപത്രിലുമാണ് മരണപ്പെട്ടത്.
ലഹരിയ്ക്ക് അടിമയായിരുന്ന അഖില്‍കുമാര്‍ മുന്‍പും അമ്മയെ ഉപദ്രവിച്ചിരുന്നു. ഇരുവരെയും ആക്രമിച്ചതിനു ശേഷം അമ്മയുടെ ഫോണും എടിഎം കാര്‍ഡുമായി വീട് വിട്ടിറങ്ങിയ ഇയാള്‍ ഫോണ്‍ കൊട്ടിയത്തെ മൊബൈല്‍ ഷോപ്പില്‍ വിറ്റ് ലഭിച്ച പണവുമായി നാടുവിടുകയായിരുന്നു.
കേരളത്തിന്‍റെ പലഭാഗത്തെ ബാറുകളില്‍ ജോലി ചെയ്തിരുന്ന പ്രതിയുടെ മുന്‍കാല ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം ഇയാളെ തിരഞ്ഞു. ഡല്‍ഹിയില്‍ വച്ച് ഇയാള്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതിന്‍റെ വിവരം കുണ്ടറ പോലീസിന് ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം ഡല്‍ഹിയില്‍ എത്തി. എന്നാള്‍ അഖില്‍ കുമാര്‍ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് ഇയാള്‍ മുന്‍കാലങ്ങളില്‍ ജോലി ചെയ്തിരുന്ന അന്യസംസ്ഥാനങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഡിസംബറോടെ ഇയാള്‍ കുറച്ചുനാള്‍മുമ്പ് ശ്രീനഗറിലുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ശ്രീനഗറിലെത്തിയ പോലീസ് സംഘം ശ്രീനഗറില്‍ ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആ അക്കൗണ്ടിലേയ്ക്ക് പണമിടപാട് നടത്തിയ ശ്രീനഗര്‍ സ്വദേശിനിയെയും കണ്ടെത്തി. ശ്രീനഗറില്‍ അവരുടെ കുഞ്ഞിനെ പരിചരിക്കാനും മറ്റുമായി അഖില്‍കുമാര്‍ ആ വീട്ടില്‍ നില്‍ക്കുന്നതായി പോലീസ് കണ്ടെത്തി.
പ്രതിയെ പിടികൂടി ചോദ്യം ചെയ്തതില്‍ കുറച്ച് ദിവസങ്ങള്‍കൂടി ഇവര്‍ക്കൊപ്പം നിന്ന് പണം സ്വരൂപിച്ച ശേഷം ഉത്തരാഖണ്ഡ് വഴി നേപ്പാളിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്ന് തെളിഞ്ഞു. ഇവരെ അപായപ്പെടുത്താനുള്ള ചിന്തയും പ്രതിക്കുണ്ടായിരുന്നതായും കണ്ടെത്തി. പ്രതിയെ പിടികൂടിയതിലൂടെ രണ്ട് ജീവനുകളെ രക്ഷിക്കാനും പോലീസിനായി.
കൊല്ലം ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന്‍റെ മേല്‍നോട്ടത്തില്‍ കുണ്ടറ പോലീസ് ഇന്‍സ്പെക്ടര്‍ വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ കുണ്ടറ പൊലീസ് സി.പി.ഒ അനീഷ് കെ.വി., ഹരിപ്പാട് പൊലീസ് സി.പി.ഒ നിഷാദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് ശ്രീനഗറിലെത്തി പ്രതിയെ പിടികൂടിയത്.
Post a Comment