മകനെ കഞ്ചാവുമായി എക്സൈസ് പിടികൂടിയെന്ന വാർത്തയിൽ പ്രതികരണവുമായി കായംകുളം എംഎൽഎ യു പ്രതിഭ. വാർത്ത വ്യാജമാണെന്ന് എംഎൽഎ ഇൻസ്റ്റഗ്രാം ലൈവിലൂടെ പറഞ്ഞു. മകൻ സുഹൃത്തുക്കളുമായിരുന്നപ്പോൾ എക്സൈസ് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത് എന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും പ്രതിഭ പറഞ്ഞു.
നിരവധി ഫോൺ കോളുകളാണ് വാർത്ത വന്നത് മുതൽ വന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ശത്രുക്കളുണ്ട്. മകൻ സുഹൃത്തുക്കൾക്കൊപ്പമിരുന്നപ്പോൾ എക്സൈസ് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്. എന്നാൽ ഇപ്പോൾ വാർത്തകൾ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്ന തരത്തിലാണ്. എംഎൽഎ ആയതുകൊണ്ടും പൊതുപ്രവർത്തക ആയതുകൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടും. വാർത്ത ശരിയാണെങ്കിൽ ഞാൻ നിങ്ങളോട് മാപ്പ് പറയാമെന്നും നേരെ തിരിച്ചാണെങ്കിൽ പരസ്യമായി മാധ്യമങ്ങൾ മാപ്പ് പറയണം എന്നും എംഎൽഎ ലൈവിൽ പ്രതികരിച്ചു. ആരും തെറ്റായ വഴിയിൽ പോകരുത് എന്ന് ആഗ്രഹിക്കുന്ന അമ്മയാണ് താനെന്നും യു പ്രതിഭ പറഞ്ഞു.
എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെ 9 യുവാക്കളെ തകഴിയിൽ നിന്നാണ് കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ആളൊഴിഞ്ഞ ഭാഗത്ത് കഞ്ചാവ് വലിക്കുമ്പോഴാണ് ഇവർ പിടിയിലായത് എന്നാണ് വിവരം. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മഫ്ടിയിലെത്തിയ എക്സൈസ് സംഘം ഇവരെ പിടികൂടിയത്.
Post a Comment