ഐഎസ്ആർഒയുടെ സുപ്രധാനദൗത്യം സ്‌പെയ്‌ഡെക്‌സ് വിക്ഷേപിച്ചു; ബഹിരാകാശത്തെ ആദ്യ ഡോക്കിങ് പരീക്ഷണം.

ഐഎസ്ആര്‍ഒയുടെ സുപ്രധാന ദൗത്യമായ സ്പെയ്ഡെക്സ് വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ സ്ഥിതി ചെയ്യുന്ന സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് തിങ്കളാഴ്ച രാത്രി 10നാണ് സ്പെയ്ഡെക്സ് ദൗത്യവുമായി പിഎസ്എല്‍വി 60 റോക്കറ്റ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളെ വിജയകരമായി വേർപെടുത്തിയെന്ന് ഐഎസ്ആർഒ അറിയിച്ചു. സ്പെയ്ഡെക്സ് ടീമിനെ ഐഎസ്ആര്‍ഒ എസ് സോമനാഥ് അഭിനന്ദിച്ചു. 

220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്ഡിഎക്‌സ് 01), ടാര്‍ഗറ്റ് (എസ്ഡിഎക്‌സ് 02) ഉപഗ്രഹങ്ങളാണ് പ്രധാന പേ ലോഡുകള്‍. കൂടാതെ 24 പരീക്ഷണ ഉപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് ഈ ഉപകരണങ്ങള്‍ ഭൂമിയെചുറ്റുക. 

ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിക്കുക. ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്നശേഷം രണ്ടും കൂട്ടിയോജിപ്പിക്കും.

ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റപേടകംപോലെ പ്രവര്‍ത്തിച്ചശേഷം അവയെ വേര്‍പെടുത്തുകയും ചെയ്യും‌. ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിക്കും. ആദ്യമായാണ് ഇന്ത്യ ബഹിരാകാശത്തുവെച്ച് ഡോക്കിങ് പരീക്ഷിക്കുന്നത്. അതിനാലാണ് സ്പെയ്ഡെക്സ് ദൗത്യം നിര്‍ണായകമാകുന്നത്. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് സ്‌പെയ്സ് ഡോക്കിങ് നടപ്പാക്കിയിട്ടുള്ളത്.

Post a Comment

Previous Post Next Post