നിരവധി പുസ്തകശാലകളും, വായന കോണുകളും വിശ്രമിക്കാനുള്ള ഇടങ്ങളുമുള്ള 200 മീറ്റർ നീളമുള്ള സാഹിത്യ ഇടനാഴിയാകാൻ കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. സാഹിത്യ പ്രേമികളുടെ സ്വപ്നകേന്ദ്രമായി ഇടനാഴി രൂപപ്പെടുമെനാണ് പ്രതീക്ഷിക്കുന്നത്. മാനാഞ്ചിറ സ്ക്വയറിനും കോംട്രസ്റ്റ് കോമ്പൗണ്ടിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പബ്ലിക് ലൈബ്രറി മുതൽ മാനാഞ്ചിറ കുളം വരെയാണ് ഇടനാഴിയായി രൂപാന്തരപ്പെടാൻ പോകുന്നത്. നഗരങ്ങളെ കൂടുതൽ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
സംസ്ഥാന സർക്കാരിൻ്റെ നഗര പുനരുജ്ജീവനവും സൗന്ദര്യവൽക്കരണവും പദ്ധതിയുടെ ഭാഗമാണ്. യുനെസ്‌കോയുടെ സാഹിത്യ നഗരമായ കോഴിക്കോടിന് സാഹിത്യ ഇടനാഴി ഒരു പൊൻ തൂവലായിരിക്കും, അത് നമ്മുടെ അഭിമാനമായിരിക്കും. പദ്ധതി നിർവഹിക്കാനുള്ള ചുമതല ‘ഇംപാക്ട് കേരള’യ്ക്കാണ്.
സാഹിത്യ ഇടനാഴിയോടൊപ്പം, കനോലി കനാലിൻ്റെ തീരത്ത് ഒരു വിനോദ കേന്ദ്രം വികസിപ്പിക്കുക, ബിലാത്തിക്കുളത്തിലെയും വരയ്ക്കലിന് സമീപമുള്ള താമരക്കുളത്തിലെയും സൗന്ദര്യം വർദ്ധിപ്പിക്കുക എന്നതാണ് മറ്റു പദ്ധതികൾ. താമരക്കുളത്തെ വിനോദസഞ്ചാരമായി വികസിപ്പിക്കുക, ബിലാത്തികുളം ഒരു തീർത്ഥാടന കേന്ദ്രമായി മാറ്റുക, ആളുകൾക്ക് വിശ്രമിക്കാനായി കനോലി കനാലിനരികിൽ ഘാട്ടുകൾ നിർമ്മിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. കൂടുതൽ വികസനം ആരംഭിക്കുന്നതിന് മുമ്പ് കനാൽ ശുചീകരണത്തിന് കോർപ്പറേഷൻ മുൻഗണന നൽകും.
ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളെ മുൻനിർത്തി സംസ്ഥാനത്ത് ഉടനീളമുള്ള ആറ് നഗരങ്ങളിൽ നഗര പുനരുജ്ജീവനവും സൗന്ദര്യവൽക്കരണവും പദ്ധതി നടപ്പാക്കുന്നുണ്ട്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) ആണ് 300 കോടി രൂപയുടെ പദ്ധതിക്കുള്ള ധനസഹായം നൽകുന്നത്.
Post a Comment