ചേലക്കര, വയനാട് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം : പാലക്കാട് മണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കി സ്ഥാനാർത്ഥികൾ.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്സഭാ മണ്ഡലത്തിലും. പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. നാളെ നിശബ്ദ പ്രചാരണമാണ്.ബുധനാഴ്ചയാണ് വോട്ടെടുപ്പ്. വയനാട് ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തിയതോടെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. 

ബത്തേരിയിൽ നടക്കുന്ന കൊട്ടിക്കലാശത്തില്‍ യു.ഡി.എഫ് സ്ഥാനർത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം റോഡ്ഷോയിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധിയും പങ്കെടുക്കുന്നു. എൽ ഡി എഫ് സ്ഥാനർത്ഥി സത്യൻ മൊകേരി കൽപ്പറ്റയിൽ നടക്കുന്ന കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. എൻ ഡി എ സ്ഥാനർത്ഥി നവ്യ ഹരിദാസ് ബത്തേരിയിലെ കൊട്ടിക്കലാശത്തിനാണ് പങ്കെടുക്കുന്നത്.

വീറും വാശിയുമുള്ള പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാകുമ്പോള്‍, അവസാന വട്ട പര്യടനത്തിലാണ് ചേലക്കരയിലെ സ്ഥാനാര്‍ത്ഥികള്‍. പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലാണ് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഈ മാസം 20- നാണ് വോട്ടെടുപ്പ്. 

എൻ. ഡി. എ സ്ഥാനാർഥി സി. കൃഷ്ണകുമാറി൯െറ പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള ട്രാക്ടർ റാലിയുടെ സമാപനം രാവിലെ ബി. ജെ. പി സംസ്ഥാന അധ്യക്ഷ൯ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൽ. ഡി. എഫ് സ്ഥാനാർഥി പി. സരിൻ ഇന്ന് നഗരസഭ പ്രദേശങ്ങളിലാണ് വോട്ടഭ്യർത്ഥന നടത്തുന്നത്. യു. ഡി. എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇന്നത്തെ പ്രചാരണ പരിപാടികളില്‍ കോണ്‍ഗ്രസ്  നേതാവ് കെ. മുരളീധരൻ പങ്കെടുക്കും. 


Post a Comment

Previous Post Next Post