കുറ്റ്യാടി റൂട്ടിലെ 22 സ്വകാര്യ ബസുകൾക്ക് എതിരെ നടപടി.

കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ അപകടങ്ങൾ പതിവായതോടെ മോട്ടർ വാഹന വകുപ്പ് ജില്ല എൻഫോഴ്സ്മെന്റ് ടീം സ്വകാര്യ ബസുകളിൽ പരിശോധന നടത്തി. ഉള്ളിയേരിയിലും അത്തോളിയിലും ആണ് പരിശോധന നടന്നത്. 22 ബസുകൾക്കെതിരെ നടപടി എടുത്തു. കഴി‍ഞ്ഞ ദിവസം കൂമുള്ളിയിൽ ബസ് അപകടം ഉണ്ടായ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. 

അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികന്റെ കുടുംബവും ബസ് പാസഞ്ചേഴ്സ് അസോസിയേഷനും റോഡിലെ മരണക്കുരുക്കിനെ കുറിച്ച് കലക്ടർക്ക് പരാതി നൽകിയ പശ്ചാത്തലത്തിലാണ് ഉള്ളിയേരിയിൽ കോഴിക്കോട് എൻഫോഴ്സ്മെന്റ് സംഘവും അത്തോളിയിൽ നന്മണ്ട സബ് ആർടിഒയുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയത്.

അത്തോളി അത്താണിയിൽ 13 വാഹനങ്ങൾ പരിശോധിച്ചു. 7 ബസുകളിൽ നിന്നു പിഴ ഈടാക്കി. കോഴിക്കോട് ആർ ടി ഒ എൻഫോഴ്സ്മെന്റ് വിഭാഗം 12 ബസുകൾക്കെതിരെ നടപടിയെടുത്തു. ചില ബസുകളിൽ വേഗപ്പൂട്ട്, ഡോർ ഷട്ടർ എന്നിവ ഇല്ലെന്നു കണ്ടെത്തി. എയർ ഹോൺ ഉപയോഗവും കണ്ടെത്തി. ഫാൻസി ലൈറ്റ് ഉപയോഗിക്കൽ, യൂണിഫോം ധരിക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളും കണ്ടെത്തി. 

പരിശോധനയ്ക്ക് എംവിഐമാരായ പി.എം.അൻസാർ, കെ.െക.അജിത്ത് കുമാർ, എഎംവിഐ. ടി.എൻ.പ്രവീൺ എന്നിവർ നേതൃത്വം നൽകി. റൂട്ടിൽ ബസ് അപകടങ്ങൾ പതിവായതിനെ തുടർന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കലക്ടർക്കും മോട്ടർ വാഹന വകുപ്പ് അധികൃതർക്കും പരാതി നൽകിയിരുന്നു. സമയത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയും യാത്രക്കാർക്കു ബുദ്ധിമുട്ടാകുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം കൂമുള്ളിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു.

Post a Comment

Previous Post Next Post