എറണാകുളത്ത് അലൻ വാക്കറുടെ സംഗീതനിശയിൽ പങ്കെടുത്ത കാണികളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതികളെ കൊച്ചി സിറ്റി പോലീസ് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് പിടികൂടി. ബോൾഗാട്ടി പാലസിൽ കഴിഞ്ഞ ആറിനുനടന്ന സംഗീത പരിപാടിക്കിടെയാണ് മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടത്. സംഗീതനിശയിൽ പങ്കെടുക്കാൻ വന്ന കാണികളുടെ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതായി മുളവുകാട് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്ത്.
2022 ൽ ഇതിനു സമാനമായി ബാംഗ്ലൂരിൽ ഉണ്ടായ മൊബൈൽ മോഷണ കേസ്സിൽ ഉൾപ്പെട്ട പ്രതികളുടെ വിവരങ്ങൾ ശേഖരിക്കുകയും അതിൽ പ്രതി ആയിരുന്ന വസീം അഹമ്മദിന്റെ സാന്നിദ്ധ്യം കൊച്ചിയിലെ സംഗീതനിശയിൽ ഉണ്ടെന്നു മനസ്സിലാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ സൈബർ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിയത്.
പ്രതികൾ ഡൽഹിയിൽ ഉണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം ഡൽഹി, ചാന്ദ്നി ചൗക്ക്, ലാൽ കില, ചോർബസാർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അവിടെനിന്ന് വസീം അഹമ്മദിനെ പിടികൂടുകയും മോഷണം പോയ 20 മൊബൈൽ ഫോണുകളും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് മറ്റൊരു പ്രതിയായ ആതിക് ഉർ റഹ്മാനെ ഡൽഹിയിലെ ദാരിയ ഗഞ്ചിൽ നിന്ന് അറസ്റ്റ് ചെയ്തു. വസീം അഹമ്മദ്, ആതിക് ഉർ റഹ്മാൻ എന്നിവർ ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കൊച്ചിലെത്തുകയും മോഷണത്തിനു ശേഷം പിറ്റേദിവസം ട്രെയിൻ മാർഗ്ഗം തന്നെ ഡൽഹിയിലേയ്ക്ക് മടങ്ങുകയുമായിരുന്നു.
ഇവരെ കൂടാതെ കൃത്യത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളുടെ ലൊക്കേഷനുകൾ മുംബൈ കേന്ദ്രീകരിച്ച് കണ്ടെത്തിയതിനെത്തുടർന്ന് എസ് ഐ അനൂപ്, എ എസ് ഐ ഷാജി ഇ എം, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജീവ് കുമാർ എന്നിവരടങ്ങുന്ന മറ്റൊരു 'സംഘം അവിടെ നടത്തിയ അന്വേഷണത്തിലാണ് സണ്ണി ഭോല യാദവ്, ശ്യാം ഭരൻവാൽ എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്ന് മൂന്നു മൊബൈൽ ഫോണുകൾ കണ്ടെടുത്തു.
മുംബൈ സംഘം ചെന്നൈ വഴി ഫ്ലൈറ്റിലാണ് കൊച്ചിയിലെത്തിയത്. നഗരത്തിലെ പുല്ലേപ്പടിയിലുള്ള ലോഡ്ജിൽ താമസിച്ചശേഷം ബോൾഗാട്ടിയിൽ എത്തി മോഷണം നടത്തി അന്നുതന്നെ ഫ്ലൈറ്റിൽ മടങ്ങുകയായിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ. എസ് സുദർശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സി. ജയകുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ശ്യാംകുമാർ വി എസ്, എസ് ഐ തോമസ് പള്ളൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദിലീപ് കുമാർ എൻ ആർ, വിപിൻ പി വി, സിവിൽ പോലീസ് ഓഫീസർ ലിബിൻ രാജ് കെ എസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ഡൽഹിയിൽ നിന്ന് പ്രതികളെ പിടികൂടിയത്.
Post a Comment