വാട്സാപ്പിലൂടെ ഏത് വിധേനയും പരമാവധി വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് മെറ്റ വാട്സാപ്പിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം അതിന്റെ ഭാഗമായാണ്. എന്നാൽ ഏതൊരു പ്ലാറ്റ്ഫോമിന്റേയും മുഖ്യ വരുമാന മാർഗമായ പരസ്യങ്ങൾ വാട്സാപ്പിൽ അവതരിപ്പിക്കാൻ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഉപഭോക്താക്കളുടെ കടുത്ത എതിർപ്പ് അതിനൊരു കാരണമാണ്. എന്നാൽ വാട്സാപ്പ് എക്കാലവും ഒരു പരസ്യ രഹിത പ്ലാറ്റ്ഫോം ആയിരിക്കില്ലെന്ന് വ്യക്തമാക്കുകയാണ് വാട്സാപ്പ് മേധാവി വിൽ കാത്കാർട്ട്,
വാട്സാപ്പിന്റെ പ്രധാന ചാറ്റ് വിൻഡോയിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് വാട്സാപ്പ് പലതവണ വ്യക്തമാക്കിയിട്ടുണ്ട് എന്നാൽ വാട്സാപ്പിലെ മറ്റിടങ്ങളിൽ പരസ്യങ്ങൾ വന്നേക്കുമെന്ന സൂചനയാണ് കാത്കാർട്ട് നൽകുന്നത്. ബ്രസീലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാത്കാർട്ട് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രധാന ഇൻബോക്സിൽ പരസ്യങ്ങൾ കാണിക്കാൻ കമ്പനിക്ക് പദ്ധതിയില്ല. എന്നാൽ മറ്റിടങ്ങളിൽ കാണിക്കാം. അത് ചിലപ്പോൾ വാട്സാപ്പ് സ്റ്റാറ്റസുകൾക്കൊപ്പമോ ചാനൽ ഫീച്ചറിനൊപ്പമോ ആയിരിക്കാം.
ഉദാഹരണത്തിന് പണം നൽകാൻ തയ്യാറുള്ള ഉപഭോക്താക്കൾക്ക് മാത്രമായുള്ള ഉള്ളടക്കങ്ങൾ നൽകുന്ന ചാനലുകൾക്ക് സബ്സ്ക്രിപ്ഷന് വേണ്ടി പണമീടാക്കാൻ സാധിക്കും. എങ്കിലും ഞങ്ങൾ ചാറ്റുകളിൽ പരസ്യം പ്രദർശിപ്പിക്കില്ല.
വർഷങ്ങൾക്ക് മുമ്പ് തന്നെ വാട്സാപ്പിൽ പരസ്യങ്ങൾ വരുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതുവരെയും കമ്പനി വാട്സാപ്പിൽ പരസ്യങ്ങൾ അവതരിപ്പിച്ചിട്ടില്ല. കാത്കാർട്ട് തന്നെ മുമ്പും വാട്സാപ്പിൽ പരസ്യങ്ങൾ കാണിച്ചേക്കുമെന്ന സൂചന നൽകിയിരുന്നു. നിലവിൽ പരസ്യ വിതരണ ഫീച്ചറുകളൊന്നും പരീക്ഷിക്കുന്നില്ല എന്നാണ് വിവരം.
Post a Comment