സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കാൻ സർക്കാറിന് സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കളരാന്തിരി ജിഎംഎൽപി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവരെയും ഉൾക്കൊള്ളുന്ന മതനിരപേക്ഷമായ മതസഹോദര്യ ആശയത്തെ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളായി നമ്മുടെ സ്കൂളുകൾ മാറിയെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടികളുടെയും പട്ടികവർഗ്ഗ പട്ടികജാതി വിഭാഗങ്ങളുടെയും സ്കൂൾ വിദ്യാഭ്യാസത്തിൽ കേരളം വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിട്ടുള്ളത്. പാർശ്വവൽക്കരിക്കപ്പെട്ടതും ദുർബല വിഭാഗത്തിൽ പെട്ടവരുടെയും ആവശ്യങ്ങളെ അഭിസംബോധന ചെയ്യാൻ നമുക്ക് സാധിച്ചു. ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ നൂതനമായ സംവിധാനങ്ങൾ തുടങ്ങി. കലാകായിക പാടിയതര പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധിച്ചതായും മന്ത്രി പറഞ്ഞു. എം കെ മുനീർ എംഎൽഎ അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള എന്നിവയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയ വിവിധ പദ്ധതികളായ പ്രീ പ്രൈമറി വർണ്ണക്കൂടാരം, പുതിയ കെട്ടിടം, ഭിന്നശേഷി സൗഹൃദ സ്കൂൾ കെട്ടിട ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. എം കെ രാഘവൻ എംപി മുഖ്യാതിഥിയായി.
പ്രധാന അധ്യാപകൻ ജാഫർസാദിഖ് റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി എ റഹീം എംഎൽഎ, മുൻ എംഎൽഎ കാരാട്ട് റസാഖ്, നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, ഡിപിസി എം കെ അബ്ദുൾ ഹക്കീം, കെഎംഡിഎൽ ചെയർമാൻ വായോളി മുഹമ്മദ്, നഗരസഭ കൗൺസിലർമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
Post a Comment