കാലവര്‍ഷം ദുര്‍ബലമായതോടെ, സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് കുറയുന്നു. ഇടുക്കി ഡാമില്‍ 31 ശതമാനം വെള്ളം മാത്രമാണുള്ളത്. ജലനിരപ്പ് 2332 അടിയായി താഴ്ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വെള്ളം 54 അടി കുറവാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം സംഭരണ ശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ളത് 31 ശതമാനം വെള്ളം മാത്രമാണ്. 31 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് വൈദ്യുതി ഉല്‍പ്പാദനത്തിന് അവശേഷിക്കുന്നത്.
മഴയുടെ അളവില്‍ 59 ശതമാനം കുറവുണ്ടായതാണ് ജലനിരപ്പ് കുറയാന്‍ കാരണം. ഇനിയും ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി ഉത്പാദനവും പ്രതിസന്ധിയിലാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ജലനിരപ്പ് 2280 അടിയിലെത്തിയാല്‍ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം നിര്‍ത്തിവെക്കേണ്ടി വരും. സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിലും 10 മുതല്‍ 20 ശതമാനം വരെ വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ആഭ്യന്തര വൈദ്യുതി ഉല്പാദനം കുറഞ്ഞതോടെ സംസ്ഥാനം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനായാണ് യോഗം ചേരുന്നത്. നിരക്ക് വർദ്ധനയടക്കം യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. മഴ കുറഞ്ഞതോടെ ഡാമുകളിൽ വെള്ളം കുറയുകയും വൈദ്യുതി ഉല്പാദനം ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിൽ അധിക വൈദ്യുതി പുറത്തുനിന്നും പണം കൊടുത്ത് വാങ്ങേണ്ടി വരുമെന്നാണ് വിലയിരുത്തൽ. പ്രതിസന്ധി പരിഹരിക്കാൻ നിരക്ക് വർദ്ധന വേണ്ടിവരുമെന്ന സൂചന മന്ത്രി കഴിഞ്ഞ ദിവസം നല്കിയിരുന്നു.
Post a Comment