രാജ്യം നാളെ 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹിയിലെ ചുവപ്പു കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ജനങ്ങളെ അഭിസംബോധന ചെയ്യും. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിന് തുടക്കം കുറിച്ച് 2021 മാര്‍ച്ചില്‍ ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവിന് സമാപനം കൂടിയാകും ഈ സ്വാതന്ത്ര്യദിനം. നാളെ ചുവപ്പ് കോട്ടയില്‍ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും. രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, സഹമന്ത്രി അജയ്ഭട്ട്, സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡേ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരി എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കും. പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ വ്യോമസേനയുടെ ധ്രൂവ് മാര്‍ക്ക്-3 ഹെലികോപ്ടറുകള്‍ പുഷ്പവൃഷ്ടി നടത്തും. ജനപങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ജന്‍ഭാഗിദാരിയുടെ ഭാഗമായി 1800 വിശിഷ്ടാതിഥികളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 660 ഗ്രാമപ്രമുഖര്‍, കര്‍ഷക ഉത്പാദന സംഘടനകള്‍, പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതി, പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന, പുതിയ പാര്‍ലമെന്റ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മ്മാണത്തില്‍ പങ്കെടുത്തവര്‍ തുടങ്ങിയവരെയാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുള്ളത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 75 ദമ്പതികള്‍ പരമ്പരാഗത വേഷത്തില്‍ പരിപാടിയില്‍ പങ്കെടുക്കും. 1100 എന്‍സിസി കേഡറ്റുകളും ആഘോഷത്തിന്റെ ഭാഗമാകും. ചുവപ്പ് കോട്ടയിലെ പുഷ്പാലങ്കാരത്തില്‍ ജി20യുടെ ചിഹ്നവും ഉള്‍പ്പെടുന്നുണ്ട്.

Post a Comment