വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനത്തിന് പിഴ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.

തിരുവനന്തപുരം: വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് പിഴയിട്ട ട്രാഫിക് പോലീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണര്‍ക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി നിര്‍ദ്ദേശം നല്‍കിയത്. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഏപ്രില്‍ നാലിന് രാവിലെയാണ് വാഹന ഉടമയായ നേമം മൊട്ടമൂട് അനി ഭവനില്‍ ആര്‍.എസ്. അനിക്ക് ട്രാഫിക് പോലീസില്‍ നിന്നും പിഴയുടെ വിവരം മൊബൈല്‍ ഫോണില്‍ എസ്.എം.എസ്. ആയി ലഭിച്ചത്. ശാസ്തമംഗലം-പേരൂര്‍ക്കട റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ പിന്‍സീറ്റിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്നായിരുന്നു വിവരം. എന്നാല്‍ ഏപ്രില്‍ നാലിന് താന്‍ വീട്ടില്‍ തന്നെയായിരുന്നുവെന്നും വാഹനം വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും പരാതിക്കാരന്‍ പറഞ്ഞു.

പിഴക്ക് ആധാരമായ നോട്ടീസിലെ ചിത്രത്തില്‍ മറ്റൊരു നിറത്തിലുള്ള വാഹനമാണ് ഉണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നു. ചിത്രത്തിലെ ഹോണ്ട ആക്റ്റീവ സ്‌കൂട്ടറിന്റെ നമ്പര്‍ വ്യക്തമായിരുന്നില്ല. സിറ്റി പോലീസ് കമ്മിഷണര്‍ക്കും ഡിസിപിക്കും പരാതി നല്‍കിയിട്ടും മറുപടി പോലും ലഭിച്ചില്ലെന്നും തെറ്റായ ചെലാന്‍ റദ്ദാക്കണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം.

Post a Comment

Previous Post Next Post