കോഴിക്കോട് കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയും ആർട്സ് കോളേജിലെ NSS യൂണിറ്റും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. കൂട്ടികളുടെയും അമ്മമാരുടെയും സർക്കാർ ആശുപത്രിയിലേക്ക് രക്തം കൊടുക്കാൻ വലിയ ആവേശത്തോടെയാണ് നൂറോളം കുട്ടികൾ രാവിലെ 9.30 ന് തന്നെ ക്യാമ്പിൽ എത്തിയത്.
18 വയസ്സ് തികയാത്തതിനാലും,
50 കിലോ തൂക്കം ഇല്ലാത്തതിനാലും പല കുട്ടികളും രക്തം കൊടുക്കാൻ കഴിയാതെ നിരാശരായി നിൽക്കുന്ന സമയത്താണ് ഒന്നാം വർഷ ചരിത്ര വിഭാഗത്തിൽ പഠിക്കുന്ന കാഴ്ച പരിമിതിയുള്ള മുഹമ്മദ് ഇർഫാനെ കാണുന്നത്.
രക്ത ദാനത്തിന് തയ്യാറായി ക്യൂ നിൽക്കുന്ന ഇർഫാന്റെ ആവേശം കണ്ട ഞാൻ ചെറുതായി ആശങ്കപ്പെട്ടു. "ഇർഫാനെ നിനക്ക് രക്തം കൊടുക്കാൻ പറ്റുമോ " എന്ന ചോദ്യത്തിന് വളരെ ആവേശത്തോടെ "അതെന്താ സാറേ എനിക്ക് പറ്റില്ലേ" എന്നുള്ള മറു ചോദ്യത്തിൽ ഞാൻ മിണ്ടാതെ നിന്നു പോയി.
രക്തം ദാനം ചെയ്യണം എന്ന അവൻ നിർബന്ധിച്ചപ്പോൾ അവനെ ക്യാമ്പിലെ ഡോക്ടറുടെ അടുത്തേക്ക് വിട്ടു. ക്യാമ്പിലെ യുവ ഡോക്ടർ വളരെ ആവേശത്തോടെയാണ് അവന്റെ സന്നദ്ധതയെ അംഗീകരിച്ചത്.
ഇർഫാനെ പോലെയുള്ള ആളുകൾ മുന്നോട്ടു വരുന്നത് വലിയ ആവേശമാണന്നും അവൻ വലിയ ഒരു മാതൃകയാണെന്നും അവന്റെ പുറത്ത് തട്ടി ഡോക്ടർ പറഞ്ഞു. പിന്നെ ടെസ്റ്റുകളും രക്തമെടുപ്പും പെട്ടന്നായി.
തന്റെ പരിമിതികളെ ഒരു പ്രശ്നമാക്കാതെ രക്തദാനം ചെയ്ത് വളരെ അഭിമാനത്തോടുകൂടി പുറത്തേക്ക് വന്ന ഇർഫാന്റെ മുന്നിൽ ഞങ്ങൾ രണ്ട് പ്രോഗ്രാം ഓഫീസർമാരും നൂറ് കണക്കിന് വളന്റിയർമാരും തെല്ല് ചെറുതായത് പോലെയായി.
Post a Comment