സംസ്ഥാനത്തെ കാര്‍ഷിക-വ്യാവസായിക-ആരോഗ്യ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കി 2023-24 ലെ കേരള ബജറ്റ്.

കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടും കാര്‍ഷിക-വ്യാവസായിക-ടൂറിസം മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കിയും 2023-24 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ്.  വിലക്കയറ്റവും, സാമ്പത്തിക പ്രതിസന്ധിയും നേരിടാനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ട്. കെട്ടിട -മോട്ടോർ വാഹന നികുതികളും സെസും ബജറ്റില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.  കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്ന്  ധനമന്ത്രി  കെ.എൻ.ബാലഗോപാൽ പറഞ്ഞു.

വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനവും കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7 ശതമാനവും വളര്‍ച്ചകൈവരിക്കാനായി. കേരളം കടക്കെണിയില്‍ അല്ലെന്നും കൂടുതല്‍ വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണബജറ്റാണ്  ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്.   പേപ്പര്‍ രഹിത ബജറ്റായിരുന്നു ഇത്തവണയും. ഒരു ലക്ഷത്തി 35,419 കോടി റവന്യൂ വരുമാനവും ഒരു ലക്ഷത്തി 76,089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 23,942 കോടി രൂപയും ധനകമ്മി 39,662 കോടി രൂപയുമാണ്. ശമ്പളത്തിന് 40,051 കോടി രൂപയും, പെന്‍ഷന് 28,240 കോടി രൂപയും സബ്‌സിഡിയ്ക്ക് 2,190 കോടി രൂപയും വകയിരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 14,149 കോടിയും, കുടുംബശ്രീയ്ക്ക്  260 കോടി രൂപയും സാമൂഹ്യ സുരക്ഷാ പെന്‍ഷന് 9,764 കോടി രൂപയും വകയിരുത്തി. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിര്‍മ്മിക്കും.  ഇതിനായി 1,436 കോടി രൂപ മാറ്റി വച്ചു.  

Post a Comment

Previous Post Next Post