കുഞ്ഞുങ്ങളുടെ ആരോഗ്യ കരുതലിൽ പുതുചുവടുമായി സംസ്ഥാന സർക്കാർ.
സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച
മദർ ന്യൂബോൺ കെയർ യൂണിറ്റ് (എം.എൻ.സി.യു) കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ആരംഭിച്ചു. നവജാത ശിശുക്കളുടെ ചികിത്സയിലും പരിചരണത്തിലും നാഴികകല്ലാവുന്ന പദ്ധതിയാണ് മദർ ന്യൂബോൺ കെയർ യൂണിറ്റ്. സംസ്ഥാന സർക്കാർ, ദേശിയ ആരോഗ്യ ദൗത്യവുമായി സഹകരിച്ച് ആരംഭിച്ച സംവിധാനമാണിത്.
എം.എൻ.സി.യുവിൽ കുഞ്ഞുങ്ങളോടൊപ്പം അമ്മമാർക്ക് കിടക്കാൻ 8 കിടക്കകളും , കുഞ്ഞുങ്ങൾക്കായി വെന്റിലേറ്റർ, വാമർ, ഫോട്ടോതെറാപ്പി, മൾട്ടി പ്പാര മോണിറ്റർ, എന്നിവയെല്ലാം ചേർന്ന് 8 ഐ. സി.യു ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്. ലെവൽ 1, ലെവൽ 2 മുറികളിലായി നവജാത ശിശുക്കളുടെ പരിചരണത്തിനായി 12 ബേബി വാമറുകൾ സ്ഥാപിക്കുന്നതിന് വേണ്ട സൗകര്യവും ഒരുക്കിയിട്ടുണ്ട്.
എൻ.എച്ച്.എം ആർ.ഒ.പി 2021-22 ൽ 70 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി അനുവദിച്ചിട്ടുള്ളത്. കൂടാതെ കൗൺസലിംഗ് റൂം സ്റ്റാഫുകൾക്ക് ആവശ്യമായ സൗകര്യങ്ങളും മദർ ന്യൂബോൺ കെയർ യൂണിറ്റിൽ ഒരുക്കിയിട്ടുണ്ട്.
തീവ്രപരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങളുടെ ചികിത്സയിൽ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സാധിക്കുന്ന എം.എൻ. സി.യു സംവിധാനത്തിലൂടെ മാതൃ-ശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം നവജാത ശിശു പരിചരണവും കരുതലും മുലയൂട്ടലും കൂടുതൽ ശക്തമാകും. ഇത് കുഞ്ഞിന്റെ അതിവേഗത്തിലുള്ള രോഗ മുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കും.
ബഹു ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബഹു MLA ശ്രീ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബഹു മേയർ ഡോ ബീനാ ഫിലിപ്പ് മുഘ്യ അതിഥി ആയി.
Post a Comment