ഗുജറാത്തിൽ ഏഴാംവട്ടവും റെക്കോർഡ് വിജയവുമായി ബി.ജെ.പി. പുതിയ സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കും.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപി തുടര്‍ച്ചയായ ഏഴാംതവണയും അധികാരം നിലനിര്‍ത്തി. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി. ഒരു ലോക്സഭാ സീറ്റിലേക്കും അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും പ്രഖ്യാപിച്ചു.ഗുജറാത്തില്‍ 182 അംഗ നിയമസഭയില്‍ ബിജെപി 156 സീറ്റുകള്‍ നേടിയാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.

കോണ്‍ഗ്രസ് 17 സീറ്റുകള്‍ നേടി. അഞ്ച് സീറ്റ് ആം ആദ്മി പാര്‍ട്ടിക്കും ഒരു സീറ്റ് സമാജ് വാദി പാര്‍ട്ടിക്കും ലഭിച്ചു. മൂന്ന് മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ബിജെപിക്ക് 52.50 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 27.28 ശതമാനവും എഎപിക്ക് 12.92 ശതമാനവും ലഭിച്ചു.  മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും മന്ത്രിമാരായ ഹര്‍ഷ് സംഘവി, കനുഭായ് ദേശായി, മനീഷ ബെന്‍ വക്കില്‍, റിഷികേശ് പട്ടേല്‍ എന്നിവരും വിജയികളില്‍ ഉള്‍പ്പെടുന്നു. യുവനേതാക്കളായ അല്‍പേഷ് താക്കൂര്‍, ഹാര്‍ദിക് പട്ടേല്‍ എന്നിവരും വിജയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനിയും പ്രതിപക്ഷ നേതാവ് സുഖ്റാം രത്വയും ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇഷുദന്‍ ഗാധ്വിയും പരാജയപ്പെട്ടു. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമെന്ന് ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ പറഞ്ഞു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും മറ്റ് പാര്‍ട്ടി നേതാക്കളും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു.

ഹിമാചല്‍ പ്രദേശില്‍ 68 അംഗ നിയമസഭയില്‍ 40 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ബിജെപിയില്‍നിന്ന് അധികാരം പിടിച്ചെടുത്തു. ബിജെപി 25 സീറ്റിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മൂന്ന് സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 43.90 ശതമാനമാണ്. ബിജെപി 43 ശതമാനം വോട്ടുനേടി. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ജയ് റാം ഠാക്കൂര്‍ സെറാജ് മണ്ഡലത്തില്‍  കോണ്‍ഗ്രസിലെ ചേത് റാമിനെ 38,000-ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ജനവിധി അംഗീകരിച്ച് അദ്ദേഹം ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. ഉത്തര്‍പ്രദേശിലെ മാന്‍പുരി പാര്‍ലമെന്റ് മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡിംപിള്‍ യാദവ് വിജയിച്ചു.

Post a Comment

Previous Post Next Post