വാർത്തകൾ ഒറ്റനോട്ടത്തിൽ.

◾ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റി ഇഷ്ടക്കാരെ ചാന്‍സലര്‍മാരായി നിയമിക്കാനുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഉന്നതവിദ്യഭ്യാസ രംഗം തകര്‍ക്കുന്ന നിയമമാണിത്.  ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ പ്രതിപക്ഷത്തിന്റെ തടസവാദങ്ങള്‍ തള്ളി നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു.

◾മലപ്പുറത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത അഞ്ചു കിലോ സ്വര്‍ണം നയതന്ത്ര സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അബൂബക്കര്‍ പഴേടത്തിന്റെ നാലു ജ്വല്ലറികളിലും വീട്ടിലുമാണ് റെയ്ഡ് നടത്തിയത്.  ഫൈന്‍ ഗോള്‍ഡ്, അറ്റ്‌ലസ് ഗോള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് സ്വര്‍ണത്തിനു പുറമേ, കണക്കില്‍ പെടാത്ത 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.


◾ലഹരിവലയെക്കുറിച്ച് സഭയില്‍ ചര്‍ച്ച വേണമെന്നു പ്രതിപക്ഷം. മാത്യു കുഴല്‍നാടന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇന്ത്യയില്‍ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്നു മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടങ്ങള്‍ക്കു പിന്തുണ തുടരുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലഹരി ഉപയോഗിച്ചുള്ള സ്ത്രീപീഡനം അടക്കമുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര പ്രമേയം കൊണ്ടുവന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

◾മയക്കുമരുന്ന് വിഷയത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാട് മയക്കുമരുന്നിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മന്ത്രി എം.ബി രാജേഷ്. നിയമസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്ന് സഭ  പിരിഞ്ഞ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

◾നേമം കോച്ച് ടെര്‍മിനല്‍ നിര്‍മ്മാണം മരവിപ്പിച്ചെന്ന് റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍. ഡിപിആര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് പരിശോധിച്ച ശേഷം പദ്ധതിയുമായി മുന്നോട്ടു പോയില്ല. തിരുവനന്തപുരത്ത് ടെര്‍മിനല്‍ വേണോയെന്ന് ദക്ഷിണ റെയില്‍വേ പരിശോധിക്കുകയാണ്. പഠന റിപ്പോര്‍ട്ട് വന്നശേഷമേ തുടര്‍ തീരുമാനം ഉണ്ടാകൂ. കേന്ദ്രമന്ത്രി അറിയിച്ചു. പദ്ധതി നടപ്പാക്കുമെന്ന് നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കേരളത്തിലെ ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.



◾മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെ തൊഴുത്തില്‍ എത്ര കന്നുകാലികളുണ്ടെന്ന ചോദ്യത്തിന് അറിയില്ലെന്നു മൃഗസംരക്ഷണ വകുപ്പിന്റെ മറുപടി. പശുക്കളെ എത്തിച്ചും പരിപാലിക്കുന്നതും മൃഗസംരക്ഷണ വകുപ്പല്ലെന്ന് വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്ത് നിര്‍മ്മാണത്തിനും ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി 42.90 ലക്ഷം രൂപ കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. എത്ര കന്നുകാലികളുണ്ടെന്ന് റോജി എം. ജോണിന്റെ ചോദ്യത്തിനാണ് മന്ത്രി ഇങ്ങനെ മറുപടി നല്‍കിയത്.

◾ജാതി അധിക്ഷേപം നടത്തിയെന്ന പി.വി. ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയില്‍ ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനും ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കിനുമെതിരേ ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസ്. കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായ താന്‍ വേദിയിലേക്കു കയറിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ വേദി വിട്ട് ഇറങ്ങിപ്പോയത് ജാതി അധിക്ഷേപമാണെന്നാണ് ശീനിജന്റെ പരാതി. പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണു സാബു എം ജേക്കബിനെ പ്രതിയാക്കിയത്.

◾പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിനേഷ് ജയന് ലഹരി ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസ്. ജിനേഷ് പൊലീസ് കോണ്‍സ്റ്റബിള്‍ പിഎസ്സി റാങ്ക് ലിസ്റ്റിലും ഉള്‍പ്പെട്ടിരുന്നു. വധശ്രമക്കേസില്‍ പ്രതിയായതിനാലാണ് നിയമനം ലഭിക്കാതിരുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിലാണ് ജിനേഷും ഉള്‍പ്പെട്ടത്.

◾മൊബൈല്‍ ഫോണിലൂടെ ഒന്‍പതാം ക്ലാസുകാരിയോട് അശ്ലീല കാര്യങ്ങള്‍ സംസാരിച്ച കണ്ണൂര്‍ കണ്ണവത്ത് ഡിവൈഎഫ്ഐ നേതാവ് പോക്സോ വകുപ്പില്‍ അറസ്റ്റിലായി. ഡിവൈഎഫ്ഐ കണ്ണവം മേഖല ട്രഷററായ കെ കെ വിഷ്ണുവിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

◾വയനാട് മേപ്പാടി പോളിടെക്നിക്ക് കോളജില്‍ എസ്എഫ്ഐ വനിത നേതിവിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി കോഴിക്കോട് സ്വദേശി ആദര്‍ശാണ് പിടിയിലായത്. കോളേജില്‍ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ട്രാബിയോക്ക് എന്ന കൂട്ടായ്മയിലെ അംഗമാണ് ആദര്‍ശ്.

◾ഡിസംബര്‍ ഒമ്പതാം തീയതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം ഇല്ല. എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് ശമ്പളം നല്‍കുമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ എം വിന്‍സന്റ് ചൂണ്ടിക്കാട്ടി. എന്നാല്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. കെ സ്വിഫ്റ്റില്‍ ശമ്പളം കൃത്യമായി കൊടുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വിഫ്റ്റിന്റെ ആസ്ഥി 10 വര്‍ഷത്തിനു ശേഷം കെഎസ്ആര്‍ടിസിയിലേക്ക് എത്തും. സ്വിഫ്റ്റ് രൂപീകരിച്ചത് കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാനാണെന്നും മന്ത്രി പറഞ്ഞു.

◾ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതി കാരി ബിനുവിന് ജാമ്യം നല്‍കരുതെന്ന് സംസ്ഥാനം സുപ്രിം കോടതിയില്‍. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട വ്യക്തിയാണെന്നും പത്തിലധികം കേസുകള്‍ നിലവിലുണ്ടെന്നും സംസ്ഥാനം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. 2015 ലാണ് സി ഐ ടി യു നേതാവായ സുനില്‍ ബാബുവിനെ കാരി ബിനു കൊലപ്പെടുത്തിയത്.

◾പ്ലസ് ടു വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍. പ്രവേശന പരീക്ഷ എഴുതാത്ത മലപ്പുറം സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനി ക്ലാസില്‍ കയറിയതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. തിരിച്ചറിയല്‍ പരിശോധന ഇല്ലാതെ ക്ലാസ് ആരംഭിച്ചതാണ് അനര്‍ഹയായ കുട്ടി ക്ലാസില്‍ വരാന്‍ കാരണം. നവംബര്‍ 29 നാണ് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങിയത്. 245 പേര്‍ക്കായിരുന്നു പ്രവേശനം.

◾സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം ഇതുവരെ രാജ്ഭവനിലെ നാലു കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. 14 തസ്തികകളിലേക്ക് 77 ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ഉത്തരക്കടലാസുകളില്‍ ഫാള്‍സ് നമ്പറിനു പകരം ബാര്‍കോഡ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജുകളിലെ അധ്യാപകര്‍ക്കും സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും പരിശീലനം തുടങ്ങി. ബിഎഡ് പരീക്ഷക്ക് പരീക്ഷിച്ചു വിജയിച്ച മാതൃക മറ്റു പരീക്ഷകള്‍ക്ക് കൂടി നടപ്പാക്കാനാണ് പരിശീലനം. ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ കഴിയുമെന്നതാണ് നേട്ടം.

◾സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന ആക്രമണങ്ങള്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്  സിപിഐ. എസ്.എഫ്.ഐയെ ഏക വിദ്യാര്‍ഥി സംഘടനയാക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ അജണ്ട അംഗീകരിക്കാനാവില്ലെന്ന് സിപിഐ പറഞ്ഞു. കൊല്ലം എസ്എന്‍ കോളേജിലെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച പശ്ചാത്തലത്തിലാണ് സിപിഐയുടെ വിമര്‍ശനം.

◾വിഴിഞ്ഞം പുനരധിവാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ 100 കോടി രൂപ ചെലവിട്ട് മല്‍സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ ഇന്‍ഷ്വര്‍ ചെയ്തെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു.

◾പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയല്‍. കേരളം പണം നല്‍കാമെന്ന ഉറപ്പിലാണ് ഭക്ഷ്യധാന്യം അനുവദിച്ചത്. കേരളം ഇപ്പോള്‍ മാറ്റിപ്പറയുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

◾'മിന്നല്‍ മുരളി' സിനിമയുടെ സംവിധാനത്തിനു സംവിധായകന്‍ ബേസില്‍ ജോസഫിന് അന്താരാഷ്ട്ര പുരസ്‌കാരം.   സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ്സിലാണു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. 16 രാജ്യങ്ങളിലെ സിനിമകളില്‍ നിന്നാണ് മിന്നല്‍ മുരളിയും ബേസിലും ഈ നേട്ടം സ്വന്തമാക്കിയത്.

◾കോഴിക്കോട് ചോമ്പാലയില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്ന് വാട്സ്ആപ് ഗ്രുപ്പില്‍ ശബ്ദ സന്ദേശമിട്ട കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുക്കാളി സ്വദേശി ഷംസുദ്ധീന്‍ അറസ്റ്റിലായി. കലാപാഹ്വാനത്തിനാണ് പോലീസ് കേസെടുത്തത്.

◾കോയമ്പത്തൂരില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 150 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി പാലക്കാട് യുവാക്കള്‍ പൊലീസ് പിടിയില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശികളായ പി.ബി. ഹാരിസ്, എ ദിനേഷ്, സി. സജു, കെ. ഷെറിന്‍  എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾ആഫ്രിക്കന്‍ പന്നിപ്പനിമൂലം കട്ടപ്പന കൊച്ചുതോവാളയില്‍ സ്വകാര്യ വ്യക്തിയുടെ ഫാമിലെ 12 പന്നികളെ ദയാവധം ചെയ്തു. കൊച്ചുതോവാള നിരപ്പേല്‍കട ഭാഗത്ത് ചേന്നാട്ട് ഷാജിയുടെ ഫാമിലെ പന്നികളെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക ടീം എത്തി ദയാവധം ചെയ്തത്. ഫാമിലെ 140 പന്നികളാണ് ഇതോടെ ചത്തത്.

◾ഗുജറാത്തിലെ തോല്‍വി പരിശോധിക്കുമെന്ന് കെ.സി വേണുഗോപാല്‍. ബൂത്ത് തലങ്ങളില്‍ നല്ല പ്രവര്‍ത്തനം നടന്നിരന്നു. ഗൗരവമായ തിരുത്തല്‍ നടപടികള്‍ ഉണ്ടാകും. ബിജെപി പേടിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. ഭാരത് ജോഡോ യാത്രയുടെ ഗുണം ഉടന്‍ ഉണ്ടാകില്ല, അത് തുടരുകയാണ്. ആംആദ്മി പാര്‍ട്ടി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

◾ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഇന്നു പ്രഥമ നിയമസഭാ കക്ഷിയോഗം. ജയിച്ചവരെയെല്ലാം ചണ്ഡീഗഡിലെ ഹോട്ടലിലേക്കു മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് സുഖ് വീന്ദര്‍ സിംഗ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗ് എംപിയുടെ പേരും ചര്‍ച്ചയിലുണ്ട്.

◾ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിലെ അന്തിമ കക്ഷി നില.
ഗുജറാത്ത് : ആകെ 182, ബിജെപി 156, കോണ്‍ഗ്രസ് 17, എഎപി 5, മറ്റുള്ളവര്‍ 4.
ഹിമാചല്‍ പ്രദേശ് : ആകെ 68, കോണ്‍ഗ്രസ് 40, ബിജെപി 25, എഎപി 0, മറ്റുള്ളവര്‍ 3.

◾സുപ്രിം കോടതി കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി. 2018 ഡിസംബര്‍ 12 ന് ചേര്‍ന്ന കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജ് നല്‍കിയ അപേക്ഷയാണ് കോടതി തള്ളിയത്. കൊളീജിയം രണ്ട് ഹൈക്കോടതി ജഡ്ജിമാരുടെ കാര്യം തീരുമാനിച്ചെന്നും പിന്നീട് അതു മാറ്റിയെന്നും മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍ ബി ലോകൂര്‍ വെളിപെടുത്തിയതിന്റെ വിശദാംശങ്ങളാണ് അഞ്ജലി ഭരദ്വാജ് ആവശ്യപ്പെട്ടത്.

◾ഇന്ത്യന്‍ വംശജയായ സുസ്മിത ശുക്ലയെ ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ പ്രഥമ വൈസ് പ്രസിഡന്റായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും നിയമിച്ചു. അടുത്ത മാര്‍ച്ച് മാസത്തോടെ ചുമതലയേല്‍ക്കും. നിലവില്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഇന്റര്‍നാഷണല്‍ ആക്‌സിഡന്റ് ചീഫ് ഓപ്പറേഷന്‍ ഓഫീസറുമാണ് സുസ്മിത ശുക്ല.

◾ഖത്തര്‍ ലോകകപ്പിലെ ആദ്യ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഇന്ന്. ഇന്ന് രാത്രി 8.30 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയുമായും ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നടക്കുന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലണ്ട്സുമായി ഏറ്റുട്ടും.

◾സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 39,800 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4975 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 160 രൂപ വര്‍ദ്ധിച്ച സ്വര്‍ണവില 39,600 എന്ന നിരക്കില്‍ എത്തുകയായിരുന്നു. ഇതേ വില തന്നെയായിരുന്നു വ്യാഴാഴ്ചയും. 40000 ത്തിനോട് അടുക്കുകയാണ് സംസ്ഥാനത്ത് സ്വര്‍ണവില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. വിപണിയിലെ വില 4115 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു.  ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് വര്‍ദ്ധിച്ചത്. വിപണിയില്‍ നിലവില്‍  ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 72 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

◾റിയല്‍മി 10 പ്രോ പ്ലസ് 5ജി, റിയല്‍മി പ്രോ 5ജി ഹാന്‍ഡ്സെറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 120ഒ്വ റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേകള്‍, 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. രണ്ട് സ്മാര്‍ട് ഫോണുകളും കഴിഞ്ഞ മാസമാണ് ചൈനയില്‍ അവതരിപ്പിച്ചത്. റിയല്‍മി 10 പ്രോ 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയാണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് വില 25,999 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപയുമാണ്. റിയല്‍മി 10 പ്രോ 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയുമാണ് വില.

◾നയന്‍താര നായികയാകുന്ന ഹൊറര്‍ ചിത്രം 'കണക്റ്റി'ന്റെ  ട്രെയിലര്‍ പുറത്തുവിട്ടു. അശ്വിന്‍ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിന്‍ ശരവണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. അശ്വിന്‍ ശരവണിന്റെ പുതിയ ചിത്രത്തില്‍ നയന്‍താരയ്ക്ക് ഒപ്പം അനുപം ഖേര്‍, ഹനിയ നഫീസ, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തമിഴിലെ മികച്ച ഹൊറര്‍ ത്രില്ലറുകളായ 'മായ', 'ഗെയിം ഓവര്‍' എന്നീ സിനിമകള്‍ക്ക് ശേഷം അശ്വിന്‍ ശരവണന്റെ സംവിധാനത്തില്‍ വരുന്ന മറ്റൊരു ഹൊറര്‍ ത്രില്ലറാണ്'കണക്റ്റ്'. വിഘ്നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് 'കണക്റ്റ്' നിര്‍മിക്കുന്നത്. ഹനിയ നഫീസ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

◾മലയാളം ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ജയ ജയ ജയ ജയ ഹേ ഒടിടിയില്‍ എത്തുന്നു. ഡിസംബര്‍ 22 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ചിത്രം സ്ട്രീം ചെയ്യും. സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് തയ്യാറാക്കിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളായ രാജേഷ് കുമാറും ജയഭാരതിയുമായി പ്രേക്ഷകരിലേക്കെത്തിയത്. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഒരു കുഞ്ഞു സിനിമയായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം ബ്ലോക്ക് ബസ്റ്ററായി മാറുകയായിരുന്നു. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്.  

◾സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറിന്റെ പുതിയ വേരിയന്റ് രാജ്യത്ത് അവതരിപ്പിച്ചു. സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇഎക്സ് എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡലിന് 1,12,300 രൂപയാണ് (എക്സ് ഷോറൂം, ഡല്‍ഹി) വില. 89,900 രൂപ വിലയുള്ള നിലവിലുള്ള വേരിയന്റിനേക്കാള്‍ ഏകദേശം 19,000 രൂപ കൂടുതലാണ് ഇത്. പുതിയ വേരിയന്റിലേക്ക് കുറച്ച് ഫീച്ചര്‍ അപ്‌ഗ്രേഡുകളും ഹാര്‍ഡ്വെയര്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പുതിയ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇഎഎസിന് നിലവിലുള്ള അതേ 124 സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോറില്‍ നിന്നാണ് പവര്‍ ലഭിക്കുന്നത്. ഈ എഞ്ചിന്‍ 6,750 ആര്‍പിഎമ്മില്‍ 8.7 ബിഎച്ച്പി പവറും 5,500 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. സ്‌കൂട്ടറിന്റെ പുതിയ ഇഎക്സ് വേരിയന്റ് നിലവിലുള്ള മോഡലിനൊപ്പം വില്‍ക്കും.

◾ഹെലികോപ്റ്ററിലെ ഒരു സാഹസികരംഗത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ മരണപ്പെടുന്ന സൂപ്പര്‍സ്റ്റാര്‍ ജഗന്‍. മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്കുശേഷം ആ മരണത്തിലേക്ക്, ഭൂതകാലത്തില്‍നിന്ന് സംശയത്തിന്റെ നൂല്‍പ്പാലമിട്ടെത്തുന്ന ഒരു കടുത്ത ആരാധകന്‍. കാലത്തിന്റെ തണുത്തുറഞ്ഞ ദൂരം സൃഷ്ടിച്ച കനത്ത ഇരുട്ടില്‍ അണുമാത്രമായൊരു പ്രചോദനത്തിന്റെ വെല്ലുവിളിയുമായി ആ മരണത്തിനു പിറകേ അന്വേഷണവുമായി ഇറങ്ങുന്ന ശിവശങ്കര്‍ പെരുമാള്‍... ചരിത്രം സൃഷ്ടിച്ച ഒരു മരണരഹസ്യം തേടി ദുരൂഹതയുടെ മൂടല്‍മഞ്ഞിലൂടെന്ന പോലെ ഊഹത്തിന്റെ മാത്രം പിന്‍ബലം വെച്ചുള്ള കുറ്റാന്വേഷണത്തിന്റെ നിഗൂഢസൗന്ദര്യവും ഉദ്വേഗവും നിറഞ്ഞ, ശിവശങ്കര്‍ പെരുമാള്‍ പരമ്പരയിലെ അഞ്ചാം പുസ്തകം. അന്‍വര്‍ അബ്ദുള്ളയുടെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവല്‍. '1980'. മാതഭൂമി ബുക്സ്. വില 376 രൂപ.

◾നിരവധി പോഷക ഗുണങ്ങള്‍ ഉള്ള ഒന്നാണ് പീനട്ട് ബട്ടര്‍. എന്നാല്‍, ഇവ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാല്‍ ചില ദൂഷ്യഫലങ്ങളും നാം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പീനട്ട് ബട്ടര്‍ അമിതമായി കഴിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ ഇവയാണ്. പീനട്ട് ബട്ടറില്‍ ഒമേഗ-6 അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഹാനീകരമാണ്. ഒമേഗ-6 പരിമിതമായ അളവില്‍ മാത്രമേ ശരീരത്തിന് ആരോഗ്യകരമാകൂ. ശരീരത്തിലെ ഒമേഗ -3ന്റെ അളവിനേക്കാള്‍ ഒമേഗ -6ന്റെ അളവ് കവിയുമ്പോള്‍ അത് വിവിധതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പീനട്ട് ബട്ടറില്‍ കലോറിയുടെ അളവ് കൂടുതലാണ്. അതിനാല്‍, അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കും. ദിവസവും പീനട്ട് ബട്ടര്‍ കഴിക്കുന്നവര്‍ അതിന്റെ അളവ് പരിമിതപ്പെടുത്തി കഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പീനട്ട് ബട്ടറില്‍ കൊഴുപ്പ് കൂടുതലായതിനാല്‍, അമിതമായി കഴിക്കുമ്പോള്‍ നെഞ്ചെരിച്ചില്‍ ഉണ്ടായേക്കാം. ഇവ കഴിച്ചതിന് പിന്നാലെ അന്നനാളത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കപ്പെടാമെന്നും ഇത് നെഞ്ചെരിച്ചിലിലേക്ക് നയിക്കുന്നുവെന്നുമാണ് പറയപ്പെടുന്നത്. പീനട്ട് ബട്ടര്‍ ചിലരില്‍ ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം. ആദ്യമായി പീനട്ട് ബട്ടര്‍ കഴിക്കുന്നവര്‍ കൂടിയ അളവില്‍ കഴിച്ചാല്‍ വലിയ തോതിലുള്ള ദഹന പ്രശ്‌നങ്ങള്‍ സംഭവിക്കാവുന്നതാണ്. വളരെയധികം കൊഴുപ്പടങ്ങിയിരിക്കുന്നതിനാല്‍ പീനട്ട് ബട്ടര്‍ ദഹിക്കാന്‍ ചിലരില്‍ ഏറെ സമയം ആവശ്യമായി വരുന്നു. അതേസമയം, ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ പീനട്ട് ബട്ടര്‍ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കുകയില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 82.17, പൗണ്ട് - 100.68, യൂറോ - 86.83, സ്വിസ് ഫ്രാങ്ക് - 88.02, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.63, ബഹറിന്‍ ദിനാര്‍ - 217.98, കുവൈത്ത് ദിനാര്‍ -267.96, ഒമാനി റിയാല്‍ - 213.43, സൗദി റിയാല്‍ - 21.85, യു.എ.ഇ ദിര്‍ഹം - 22.37, ഖത്തര്‍ റിയാല്‍ - 22.57, കനേഡിയന്‍ ഡോളര്‍ - 60.38.

Post a Comment

Previous Post Next Post