പോക്സോ കേസിലെ ഇരകൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കുന്നതിന് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ആയിരത്തി ഇരുപത്തിമൂന്ന് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിലൂടെ പോക്സോ കേസുകൾ വേഗത്തിൽ തീർപ്പാക്കാനാകുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു രാജ്യസഭയിൽ അറിയിച്ചു. ഇതിനായി ഫണ്ട് അനുവദിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചു.
രാജ്യത്തെ കോടതികളിൽ അഞ്ച് കോടിയോളം കേസുകൾ കെട്ടിക്കിടക്കുന്നതിൽ കേന്ദ്രസർക്കാർ ആശങ്ക പ്രകടിപ്പിച്ചു. കേസുകൾ കെട്ടിക്കിടക്കുന്നത് കുറയ്ക്കുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായും രാജ്യസഭയിൽ ചോദ്യോത്തര വേളയിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു.
സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമന പ്രശ്‌നമാണ് ഇതിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാരിന് പരിമിതമായ പങ്കേയുള്ളൂവെന്നും കൊളീജിയം സംവിധാനത്തിന്റെ ശുപാർശ പ്രകാരമാണ് നിയമനം നടത്തുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Post a Comment