വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ വാഹനം മുഴുവന്‍ നിയമവിരുദ്ധമായ ലൈറ്റുകളാണെന്നും ഇത് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും ഹൈക്കോടതി. ഒറ്റ നോട്ടത്തില്‍ തന്നെ ഒന്നിലധികം നിയമലംഘനങ്ങള്‍ ബസില്‍ കാണാം. ഇത് ഇനിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വടക്കഞ്ചേരി അപകടത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ ചട്ടമുള്ളതാണ്. അത് ലംഘിച്ചാണ് മുന്നോട്ടേക്ക് പോകുന്നത്. ഇത്തരം വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ കാണാന്‍ പാടില്ല. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണം. ഇത്തരം നിയമലംഘനങ്ങള്‍ പൊതുനിരത്തില്‍ അപകടം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത്രയധികം ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ ഡ്രൈവറുടെ കാഴ്ചയെ ബാധിക്കും. ലൈറ്റുകളുടെ ഗ്ലെയര്‍ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. വാഹനങ്ങള്‍ക്ക് കൃത്യമായ കളര്‍കോഡുണ്ട്. അത് പാലിക്കണം. കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള ബസുകള്‍ക്കും കളര്‍കോഡ് ബാധകമാണെന്നും കോടതി നിരീക്ഷിച്ചു.
'നിയമം ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം. മോട്ടോര്‍ വാഹനവകുപ്പും പോലീസും രാത്രികാല പരിശോധന ശക്തമാക്കണം. എം.വി.ഡിക്ക് സഹായം വേണ്ടിവന്നാല്‍ പോലീസ് നല്‍കണം. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏരേ നിറം കര്‍ശനമാക്കണം'- കോടതി നിര്‍ദ്ദേശിച്ചു.
രൂപമാറ്റം വരുത്തിയ കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണം. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുത്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. തുടര്‍നടപടികള്‍ കീഴ്‌ക്കോടതികള്‍ക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ സ്‌കൂള്‍/ കോളേജ് ക്യാമ്പസുകളില്‍ പോലും കയറ്റാന്‍ പോലും പാടില്ല. വാഹന പരിശോധനയിലെ വീഴ്ചയില്‍ ഹൈക്കോടതി കേരളാ പോലീസിനേയും വിമര്‍ശിച്ചു. നിയമം തെറ്റിച്ചെന്ന് കണ്ടാല്‍ ബസുകള്‍ ഉടന്‍ പിടിച്ചെടുക്കണം. ഇത്തരം വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗര്‍മാരും കുറ്റക്കാരല്ലേയെന്ന് കോടതി ചോദിച്ചു. നിയമലംഘനം നടത്തിയ വാഹനങ്ങളില്‍ യാത്രയ്ക്ക് അനുമതി നല്‍കുന്ന പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കും എതിരെ നടപടി എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Post a Comment