അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ സംസ്‌കാരം നാളെ കണ്ണൂര്‍ പയ്യാമ്പലത്ത്. നിര്യാണത്തില്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് അടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു.

ഇന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍പ്രസിഡന്റുമായ സതീശന്‍ പാച്ചേനിയുടെ സംസ്‌കാരം നാളെ രാവിലെ 11.30 ന് കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും  തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 54 വയസ്സായിരുന്നു.  അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുണ്ട്. 

വൈകിട്ട് നാലു മണിക്ക് മൃതദേഹം തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍  പൊതുദര്‍ശനത്തിന് വെച്ചു.  നാളെ രാവിലെ 7 മണിക്ക് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. 

ഊര്‍ജ്ജസ്വലനായ പൊതുപ്രവര്‍ത്തകനെയാണ് സതീശന്‍ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹപ്രവര്‍ത്തകരെ എന്നും ചേര്‍ത്തുനിര്‍ത്തിയ നേതാവിനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു സതീശന്‍ പാച്ചേനിയെന്ന്  ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post