കടലുണ്ടി ഗ്രാമോത്സവം കൂട്ടായ്മയുടെ ആഘോഷം - മന്ത്രി പി എ മുഹമ്മദ് റിയാസ്.

കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ ഗ്രാമോത്സവം കൂട്ടായ്മയുടെ ആഘോഷമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കടലുണ്ടിയിലെ ഗ്രാമോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കൂട്ടായ്മയുടെ ഉത്സവങ്ങളും, ഒത്തുചേരലുകളും മനുഷ്യർക്കിടയിലെ ഐക്യവും, സാഹോദര്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തും. കൂട്ടായ്മകൾ കുറയുന്നിടത്ത് സ്പർദ്ധയും വിഭാഗീയ ചിന്താഗതികളും രൂപപ്പെടും. ജാതിമതവിഭാഗീയ ചിന്തകളില്ലാതെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മനുഷ്യർ നാടിന്റെ ഒത്തൊരുമയ്ക്കു വേണ്ടി പ്രവർത്തിക്കേണ്ടതുണ്ട്. നാടിന്റെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്.

കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ ഗ്രാമോത്സവത്തിനായി ഒരു ലക്ഷം രൂപ ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂറിസം മേഖലയിൽ അനന്ത സാധ്യതകളുള്ള കടലുണ്ടിയിൽ ഫ്ലോട്ടിങ് റെസ്റ്റോറന്റിനായി 3.94 കോടി രൂപയും കടലുണ്ടി പക്ഷിസങ്കേത നടപ്പാത പദ്ധതിക്കായി 1.43 കോടി രൂപയും, ഓഷ്യാനസ് ചാലിയം പദ്ധതിക്കായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

സാംസ്കാരിക സമ്മേളനത്തിനു മുന്നോടിയായി നടന്ന ഘോഷയാത്രയിൽ വൻ ജനാവലിയാണ് അണിനിരന്നത്. മണ്ണൂർ പ്രബോധിനിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കടലുണ്ടിയിലെ സാംസ്കാരിക സമ്മേളന വേദിയിലാണ് അവസാനിച്ചത്. തെയ്യം, തിറ, ചെണ്ടമേളം, ദഫ്മുട്ട്, കാവടി, കരകാട്ടം, അഗ്നിക്കാവടി, പൂക്കാവടി, വിവിധ നൃത്ത രൂപങ്ങൾ, തുടങ്ങിയവ ഘോഷയാത്രയ്ക്ക് നിറച്ചാർത്തേകി.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ കെ.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ജില്ലാ പഞ്ചായത്ത് അംഗം പി ഗവാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ശിവദാസൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടേങ്ങാട്ട്, ടി സുഷമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിത്തു കക്കാട്ട്, പി. വി. മുഹമ്മദ്‌ ഷാഹിദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമോത്സവം സംഘാടക സമിതി കൺവീനർ ബാദുഷ കടലുണ്ടി സ്വാഗതവും സംഘാടക സമിതി ട്രഷറർ എൻ കെ ബിച്ചിക്കോയ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post