പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ സമയം നീട്ടി വിദ്യാഭ്യാസ വകുപ്പ്. ട്രയൽ അലോട്ട്മെന്റിലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ പരിഗണിച്ചാണ് നടപടി. ട്രയൽ അലോട്ട്മെന്റ് പരിശോധിച്ച് തിരുത്തുണ്ടെങ്കിൽ അവ പൂർത്തീകരിക്കാനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിവരെ സമയം നീട്ടിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ച് വരെയുള്ള സമയമാണ് ഒരു ദിവസത്തേക്ക് കൂടി നീട്ടിയത്.
ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് രണ്ടാം ദിവസവും അലോട്ട്മെന്റ് പരിശോധിക്കാനായില്ലെന്ന് കഴിഞ്ഞ ദിവസം വ്യാപക പരാതിയുയർന്നിരുന്നു. ഇതേത്തുടർന്ന് തിരുത്തലിന് സമയം നീട്ടി നൽകണമെന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് നടപടി. പോർട്ടലിന്റെ നാലു സെർവറുകളിലും ഒരേസമയം ഒരു ലക്ഷത്തിൽ കൂടുതൽപേർ പ്രവേശിച്ചതിനാലാണ് തടസ്സം നേരിട്ടതെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം.
ശനിയാഴ്ച 11.50 വരെ 1,76, 076 പേർ അലോട്ട്മെന്റ് പരിശോധിച്ച് 47,395 പേർ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുകയോ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടുമുണ്ട്.
Post a Comment