കിഡംബി ശ്രീകാന്തും സാത്വിക് സായാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയശിൽപികൾ. ഫൈനലിലെ ആദ്യ സിംഗിൾസ് പോരാട്ടത്തിൽ ലക്ഷ്യ സെൻ, എ. ഗിന്റിങ്ങിനെ (8-21, 21-17, 21-16) തകർത്തതോടെ ഇന്ത്യ 1-0ന് ലീഡെടുത്തു. തുടർന്ന് നടന്ന ഡബിൾസ് പോരാട്ടത്തിൽ സാത്വിക് സായാജ് രെങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്സൻ - കെവിൻ സഞ്ജയ സുകമുൽജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്കോറിന് മറികടന്ന് ഇന്ത്യയുടെ ലീഡ് 2-0 ആക്കി ഉയർത്തി.
ഫൈനലിലെ നിർണായകമായ രണ്ടാം സിംഗിൾസ് പോരാട്ടത്തിൽ കിഡംബി ശ്രീകാന്ത്, ജൊനാതൻ ക്രിസ്റ്റിയെ (21-15, 23-21) നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തതോടെ ഇന്ത്യ ചരിത്ര സ്വർണം സ്വന്തമാക്കി.ക്വാർട്ടറിൽ മലേഷ്യയെയും സെമിയിൽ ഡെൻമാർക്കിനെയും അട്ടിമറിച്ചാണ് ഇന്ത്യ ചരിത്രത്തിലാദ്യമായ് ഫൈനലിൽ എത്തിയത്. കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, സാത്വിക് സായാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം എന്നിവരുടെ അസാമാന്യപ്രകടനമാണ് ടൂർണമെന്റിൽ ഇന്ത്യയെ മുന്നോട്ടുനയിച്ചത്.
Post a Comment