സംസ്ഥാനത്ത് പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി ഡ്രൈ ഡേ ആചരിക്കും. വീടുകളിൽ ഞായറാഴ്ചകളിലും സ്‌കൂളുകളിൽ വെള്ളിയാഴ്ചകളിലും സ്ഥാപനങ്ങളിൽ ശനിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം.വീടും സ്ഥാപനവും പരിസരവും ശുചിയാക്കണം. ഓരോ ജില്ലയും റിപ്പോർട്ട് ചെയ്യുന്ന പകർച്ചവ്യാധിക്കനുസരിച്ച് കർമ്മ പദ്ധതി തയ്യാറാക്കും. ജില്ലാ കളക്ടർമാർ അതിന് നേതൃത്വം നൽകണമെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യ ജാഗ്രത കലണ്ടറനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണം.bകൊതുകുജന്യ, ജന്തുജന്യ, ജലജന്യ രോഗങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കണം. ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കാൻ സാധ്യതയുണ്ട്. അതിനാൽ അതീവ ജാഗ്രത വേണം. കോവിഡിനോടൊപ്പം നിപ പോലെയുള്ള രോഗങ്ങൾക്കെതിരേയും പ്രതിരോധം തീർക്കണം. പേവിഷബാധയ്ക്കെതിരെ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് പ്രതിരോധം ശക്തമാക്കും. വളർത്ത് മൃഗങ്ങൾക്ക് വാക്സിനേഷൻ ഉറപ്പാക്കണം. മൃഗങ്ങളുടെ കടിയോ പോറലോ ഏറ്റാലും ആശുപത്രിയിൽ ചികിത്സ തേടണം. മലിനജലവുമായും മണ്ണുമായും സമ്പർക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. എന്തെങ്കിലും പകർച്ച വ്യാധികൾ ഒരു പ്രദേശത്ത് റിപ്പോർട്ട് ചെയ്താൽ അത് ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
വാർഡുതല സമിതികൾ ഊർജിതമാക്കി ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന് ആരോഗ്യ വകുപ്പുമായി ചേർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർദ്ദേശിച്ചു. ശുചിത്വമിഷനുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തുകളിലും പ്രവർത്തനം ശക്തമാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
Post a Comment