നമ്മുടെ റോഡുകളിലെ രാത്രികാല വാഹന അപകടങ്ങളുടെ ഒരു പ്രധാന കാരണം വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണ്. എതിരെ വരുന്ന വാഹനങ്ങൾക്ക് ഹെഡ് ലൈറ്റ് ഡിംഗ് ചെയ്ത് കൊടുക്കാതിരിക്കുക, ഹെഡ് ലൈറ്റുകളിൽ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകൾ സ്ഥാപിക്കുക, വാഹനങ്ങളിൽ അനാവശ്യമായ വിവിധ വർണ്ണങ്ങളിലുള്ള തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുക, ലേസർ ലൈറ്റുകൾ വാഹനത്തിന് പുറത്തേക്കും മറ്റു വാഹനങ്ങളിലേക്കും പ്രകാശിപ്പിക്കുക തുടങ്ങിയ പ്രവർത്തികൾ എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പവും, കാഴ്ചയ്ക്ക് മങ്ങലുണ്ടാക്കുകയും, അപകടകാരണമാകുകയും ചെയ്യുന്നു. കൂടാതെ അടുത്തകാലത്തായി വിനോദയാത്ര പോകുന്ന വാഹനങ്ങളിലും മറ്റും കാണുന്ന അലങ്കാര ലൈറ്റുകളും, ചില വാഹനങ്ങളിലെ പ്രവർത്തനക്ഷമമല്ലാത്ത ഹെഡ്ലൈറ്റുകൾ, ബ്രേക്ക്, ഇൻഡിക്കേറ്റർ, പാർക്ക് ലൈറ്റുകൾ എന്നിവയും റോഡ് സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണ്.
ഇതിന് പുറമെയാണ് ഹെവി, കോൺട്രാക്റ്റ് കാര്യേജ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കത്തിനശിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് ഗോവയിൽ വച്ച് കത്തിനശിച്ച സംഭവം ഇതിൽ അവസാനത്തേതാണ്.
പരമാവധി അലങ്കാര ലൈറ്റുകളും ഓഡിയോ, വീഡിയോ ഉപകരണങ്ങളും ഉൾപ്പെടുത്താൻ വേണ്ടി വയറിംഗ് ഫാർണസുകളിലും ബാറ്ററികളിലും വരുത്തുന്ന അനധികൃത മാറ്റങ്ങളാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണം.
ഒരാളുടെ/ഒരു ഗ്രൂപ്പിന്റെ താൽക്കാലിക ആഹ്ലാദ പ്രകടനങ്ങൾക്കും, ലഹരിക്കും ചെയ്യുന്ന ഇത്തരം പ്രവർത്തികൾ നമ്മുടെ റോഡുകളിൽ പ്രസ്തുത വേണ്ടി വാഹനങ്ങളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന നിശബ്ദ കൊലയാളികളാണ്. ഈ സാഹചര്യത്തിൽ നിരത്തുകളിലെ ഇത്തരം നിയമലംഘനങ്ങൾ തടയുന്നത് ലക്ഷ്യമിട്ടുകൊണ്ട് മോട്ടോർ വാഹന വകുപ്പ് ഒരു സ്പെഷ്യൽ ഡ്രൈവ് ഏപ്രിൽ 04 മുതൽ 13 വരെ നടത്തി വരുന്നു.
Post a Comment