കെ.എസ്.ആർ.ടി.സി. ബസിന് മുന്നിൽ ബൈക്കുകളിൽ അഭ്യാസപ്രകടനം നടത്തിയ അഞ്ച് യുവാക്കൾ അറസ്റ്റിൽ. കുന്നംകുളം അയിനൂർ സ്വദേശികളായ സുഷിത്, നിഖിൽദാസ്, അതുൽ, അഷീദ്, മുഹമ്മദ് യാസീൻ എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ
സംഭവം.
തൊട്ടിൽപ്പാലം-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസിന് മുന്നിലാണ് യുവാക്കൾ മൂന്ന് ബൈക്കുകളുമായി അഭ്യാസപ്രകടനം നടത്തിയത്. തൃശ്ശൂരിലെ പെരുമ്പിലാവ് മുതൽ കുന്നംകുളം വരെ ബസിന്റെ സുഗമമായ യാത്ര തടസ്സപ്പെടുത്തുംവിധം ഈ പ്രകടനം തുടർന്നു. ഒടുവിൽ ബസ് കുന്നംകുളം അസി. കമ്മീഷണറുടെ ഓഫീസ് വളപ്പിലേക്ക് പ്രവേശിപ്പിച്ചതോടെയാണ് യുവാക്കൾ പിന്മാറിയത്. ഇരുപത് മിനിറ്റോളം ബസിന് മുന്നിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾ കുന്നംകുളത്ത് വെച്ച് അസഭ്യം പറഞ്ഞതായും ബസിന്റെ ബോഡിയിലിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും യാത്രക്കാർ പറഞ്ഞു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ ഈ സമയം ബസിലുണ്ടായിരുന്നു.
കുന്നംകുളത്ത് ബസ് നിർത്തിയപ്പോഴാണ് യുവാക്കൾ യാത്രക്കാർക്കും ജീവനക്കാർക്കും നേരേ അസഭ്യവർഷം നടത്തിയത്. ഇവർ കല്ലെറിയാൻ ശ്രമിച്ചതായും യാത്രക്കാരിലൊരാൾ പറഞ്ഞു.ശല്യം രൂക്ഷമായതോടെ ബസ് പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് തിരിക്കുകയായിരുന്നു. ഇതോടെ ബൈക്കുകളിലെത്തിയ യുവാക്കൾ കടന്നു കളഞ്ഞു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് യുവാക്കളെയും പിടികൂടിയത്.
Post a Comment