മാർച്ച് 24 മുതൽ സ്വകാര്യ ബസ് പണിമുടക്ക് ; സമര നോട്ടീസ് നൽകി ബസ് ഉടമകൾ

ബസ് ചാര്‍ജ് വര്‍ധന വേണമെന്ന നിലപാടിലുറച്ച്‌ സ്വകാര്യ ബസ് ഉടമകള്‍. മാർച്ച് 24 മുതൽ സ്വകാര്യ ബസ് പണിമുടക്ക്, ഇതുമായി ബന്ധപ്പെട്ട് ബസ്സുടമകള്‍ ഗതാഗത മന്ത്രിയെ കണ്ടു നോട്ടീസ് നല്‍കി. പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട് കണ്ടു നോട്ടീസ് നല്‍കിയത്. ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ആവശ്യം.

അതേസമയം ഇന്ന് ചര്‍ച്ച ഒന്നും നടത്തിയിട്ടില്ലെന്നും ബസ് ഉടമകള്‍ നിവേദനം നല്‍കിയിട്ടുണ്ടെന്നും ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു.തുടര്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അവരുടെ ആവശ്യം ന്യായം എന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ബജറ്റിലെ അവഗണനയിലും നിരക്ക് വര്‍ധന വൈകുന്നതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നത്. ബസ് ചാര്‍ജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷന്‍ പറയുന്നത്. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി ഉടന്‍ പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള 1 രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം.

നിരക്ക് കൂട്ടാമെന്നേറ്റ സര്‍ക്കാര്‍ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവര്‍ ആരോപിക്കുന്നു. മറ്റ് സംഘടനകളുമായി ആലോചിച്ച്‌ സമരം തുടങ്ങാനാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ തീരുമാനം.

ബജറ്റിലെ അവഗണനയില്‍ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. കേരളത്തിലെ വിദ്യാര്‍ഥികള്‍ അടക്കമുള്ള സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയും സര്‍ക്കാരിന് നയാ പൈസയുടെ മുതല്‍മുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുകയും ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാരിന് മുന്‍കൂര്‍ നികുതി നല്‍കുകയും ചെയ്യുന്ന പൊതുഗതാഗത മേഖലയില്‍ സ്റ്റേജ് കാര്യേജ് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്സിലും സ്റ്റേജ് കാര്യേജ് ബസുകള്‍ക്ക് ഉപയോഗിക്കുന്ന ഡീസലിന്‍റെ വില്‍പന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഫെഡറേഷന്‍ പറയുന്നത്.

ഇത് സംബന്ധിച്ച്‌ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും ബഡ്ജറ്റ് പ്രസംഗത്തില്‍ ഇത് സംബന്ധിച്ച്‌ ഒരു പരാമര്‍ശവും ഇല്ലാത്ത ബഡ്ജറ്റ് തികച്ചും നിരാശാജനകമാണ്.

അയ്യായിരത്തില്‍ താഴെ മാത്രം ബസ്സുകള്‍ ഉള്ള KSRTC ക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റില്‍ പന്ത്രണ്ടായിരത്തിലധികം ബസുകള്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച്‌ ഒരു പരാമര്‍ശം പോലും ഇല്ലാത്തതും ബഡ്ജറ്റില്‍ ഡീസല്‍ വാഹനങ്ങളുടെ ഹരിത നികുതിയില്‍ 50 ശതമാനം വര്‍ധന വരുത്തുന്നതും പ്രതിഷേധാര്‍ഹമാണ് എന്നും ഫെഡറേഷന്‍ ആരോപിച്ചിരുന്നു.

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേര്തതെ വ്യക്തമാക്കിയിരുന്നു. കണ്‍സഷന്‍ തുക വിദ്യാര്‍ഥികള്‍ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും 5 രൂപ കൊടുത്താന്‍ ബാക്കി വാങ്ങാറില്ലെന്നും വിശദീകരിക്കുന്നു. '10 വര്‍ഷം മുന്‍പാണ് വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുക 2 രൂപയായി നിശ്ചയിച്ചത്. 2 രൂപ ഇന്ന് വിദ്യാര്‍ഥികള്‍ക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരും. മന്ത്രി വിശദീകരിക്കുന്നു.

വിദ്യാര്‍ഥികളെ കയറ്റാത്ത ബസുടമകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കണ്‍സഷന്‍ ചാര്‍ജ് വര്‍ധനക്കെതിരെ പല വിദ്യാര്‍ഥി സംഘടനകളുടേയും ഭാഗത്ത് നിന്നും വിമര്‍ശനമുയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

ബസ് ചാര്‍ജ്ജ് കൂട്ടേണ്ടിവരുമെന്ന് ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയ ഗതാഗത മന്ത്രി, ബസുടമകളുടെ ആവശ്യം ന്യായമാണെന്നും പ്രതികരിച്ചു. ചാര്‍ജ് വര്‍ധനയുണ്ടാകും. പക്ഷേ അത് പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും. ഇന്ധനവില ഉടന്‍ കൂടുമെന്ന വാര്‍ത്തകളും വരുന്നുണ്ട്. ബള്‍ക്ക് പര്‍ച്ചേഴ്സ് ചെയ്തവര്‍ക്ക് വില കൂട്ടിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post