അഴിയൂര്‍ - വെങ്ങളം ദേശീയപാത വികസനപ്രവൃത്തികളുടെ ഭാഗമായി കരാറുകാരായ വാഗഡ് ഇന്‍ഫ്രാപ്രോജക്‌ട്സ് പ്രൈവറ്റ് ലിമിറ്റഡ് നന്തിയില്‍ സ്ഥാപിച്ച പ്ലാന്‍റിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്.
നന്തിബസാറിലെ പള്ളിക്കര റോഡിനു സമീപം സ്വകാര്യ വ്യവസായിയുടെ 15 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കുന്നിന്‍മുകളിലാണ് കമ്പനിയുടെ വിപുലമായ പ്ലാന്റും തൊഴിലാളികള്‍ക്കുള്ള താമസസൗകര്യവും ഒരുക്കിയിരിക്കുന്നത്.
ഇവിടെ നൂറിലധികം തൊഴിലാളികള്‍ ഉപയോഗിക്കുന്ന കക്കൂസ് ടാങ്കുകളില്‍നിന്നു മലിനജലം കുന്നിനു താഴെയുള്ള വീടുകളിലെ കിണറുകളിലേക്ക് ഉറവയായി ഒഴുകിയെത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിമന്‍റ് കലര്‍ന്ന മിശ്രിതമടങ്ങിയ ലായനിയും മറ്റും സമീപത്തെ കിണറുകളിലേക്ക് എത്തി വെള്ളത്തിനു മുകളില്‍ പൊങ്ങിനില്‍ക്കുകയാണ്. കക്കൂസ് മാലിന്യത്തോടൊപ്പം പ്ലാന്റിലെ കോണ്‍ക്രീറ്റ് മിക്സിങ്, ടാര്‍ മിക്സിങ്, ഡീസല്‍ പവര്‍ സ്റ്റേഷന്‍ തുടങ്ങിയവയുടെ ഉപയോഗശേഷം പുറത്തേക്കുവരുന്ന മാലിന്യങ്ങളാണ് കിണറുകളിലേക്ക് എത്തുന്നത്.
തുടക്കത്തില്‍ ഏതാനും വീടുകളിലെ കിണറ്റിലാണ് മലിനജലം കണ്ടിരുന്നത്. എന്നാൽ ചൊവ്വാഴ്ചയോടെ 12 വീടുകളിലെ കിണറുകളിലുള്ള ജലത്തിന് നിറംമാറ്റവും ദുര്‍ഗന്ധവും അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം കിണറിലെ വെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് മുകടത്ത് മീത്തല്‍ 'ഷഹലാസി'ല്‍ ഷബീറിനും (51) കുടുംബത്തിലെ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനുമടക്കം ആറുപേര്‍ക്ക് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വെള്ളത്തില്‍ കൂടിയ അളവില്‍ കോളിഫോം ബാക്ടീരിയയുടെയും അമിതമായ അളവില്‍ ഇരുമ്പിന്റെയും അമോണിയയുടെയും അംശവും ജലപരിശോധന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
ഒന്നര മാസത്തോളമായി വിഷയം സംബന്ധിച്ച് ഗ്രാമപഞ്ചായത്ത്, വില്ലേജ് അധികൃതര്‍, ജില്ല കലക്ടര്‍, വാഗഡ് കമ്ബനി മേധാവി തുടങ്ങിയവര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും പരിഹാരമുണ്ടായിട്ടില്ല. കാനത്തില്‍ ജമീല എം.എല്‍.എ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച് പരിഹാരം ഉറപ്പുനല്‍കിയിട്ടുണ്ട്.
മലിനജലം നിക്ഷേപിക്കാന്‍ ഫൈബര്‍ ടാങ്കുകള്‍ സ്ഥാപിക്കാമെന്ന് കമ്പനി ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. മാത്രമല്ല, ആറു മീറ്ററില്‍ ഉയരത്തില്‍ മണ്ണിട്ടുയര്‍ത്തി ഇരുമ്പുഷീറ്റുകൊണ്ട് മറച്ച നിലയിലുള്ള കുന്നില്‍നിന്ന് മഴക്കാലത്ത് വന്‍തോതില്‍ വെള്ളം താഴേക്ക് കുത്തിയിറങ്ങുന്നത് മണ്ണൊലിപ്പിനും ഇതുവഴി വലിയ അപകടങ്ങള്‍ക്കും ഇടയാക്കുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
വിഷയത്തില്‍ പ്ലാന്റ് പൂര്‍ണമായും മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ ഒമ്പതിന് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ലേബര്‍ ക്യാമ്പിന് മുന്നില്‍ ധര്‍ണ സമരം നടത്തുന്നുണ്ട്. മുന്‍ എം.എല്‍.എ കെ. ദാസന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
Post a Comment