കന്നു കാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന അസുഖങ്ങൾക്കും കുത്തിവയ്പ്പിനും മറ്റു അത്യാഹിത സന്ദർഭങ്ങളിലും മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി.ജെ.ചിഞ്ചുറാണി പറഞ്ഞു.
ക്ഷീര വികസന വകുപ്പിന്റെയും കോഴിക്കോട് ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ക്ഷീരകര്‍ഷക സംഗമത്തിന്റെയും ക്ഷീരഗ്രാമം പദ്ധതിയുടെയും സംയുക്ത ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
24 മണിക്കൂറും സേവന സജ്ജമായ ടെലി വെറ്ററിനറി യൂണിറ്റ് ക്ഷീരകർഷരുടെ വീട്ടുമുറ്റത്ത് അത്യാവശ്യ ഘട്ടങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം.
കോവിഡ് പ്രതിസന്ധിയിലും തളരാതെ കേരളത്തിലെ ക്ഷീരകർഷകർ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പാലുല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള വഴിയിലാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖലയുടെ വികസനത്തിനായി വകുപ്പും സ്ഥാപനങ്ങളും ഊർജസ്വലമായ പ്രവർത്തനമാണ് നടത്തുന്നത്.മുഴുവൻ സമയ ഡോക്ടർ സേവനം ലഭ്യമാകുന്ന വെറ്ററിനറി ആരോഗ്യ കേന്ദ്രങ്ങൾ ബ്ലോക്ക് തലത്തിൽ നടപ്പാക്കി. ഏത് സ്ഥലത്തും എത്താൻ സാധിക്കുന്ന എല്ലാവിധ ചികിത്സ സൗകര്യങ്ങളോടും കൂടിയ ടെലി വെറ്ററിനറി വാഹന സൗകര്യ പദ്ധതിയും യാഥാർഥ്യമാക്കും. കിസാൻ റെയിൽ പദ്ധതിയിലൂടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കന്നുകാലിതീറ്റ ഉല്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കൾ കേരളത്തിൽ എത്തിക്കുന്നത് പരിഗണനയിലാണ്.
സംസ്ഥാനത്ത് തീറ്റ പുൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കും.
പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബേപ്പൂർ ഡയറി ട്രെയിനിങ് സെന്റർ നവീകരണം, സ്മാർട്ട് ക്ലാസ് റൂം, ഡോർമിറ്ററി സൗകര്യം തുടങ്ങി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും വിവിധ ആവശ്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം തന്നെ വരും ദിവസങ്ങളിൽ യാഥാർത്‌ഥ്യമാവുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
ക്ഷീര സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം ഡയറി എക്സ്പോ, സഹകരണ ശില്പശാല, വ്യക്തി വികസന ക്ലാസ്, ക്ഷീര കർഷക സെമിനാർ, ഡയറി ക്വിസ്, ക്ഷീര സംഘം ജീവനക്കാർക്കും ഭാരവാഹികൾക്കും ഉള്ള കായിക മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പ് ക്ഷീരകർഷകരെ ആദരിക്കൽ, കലാസന്ധ്യ എന്നിവ സംഘടിപ്പിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി സുരേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിൽ എം പി മാരായ എംകെ രാഘവൻ, എളമരം കരീം, കുന്ദമംഗലം എംഎൽഎ പി ടി എ റഹീം, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ സി അബ്ദുൽ റസാഖ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് പി ഗവാസ്, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ, രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷറ റഫീഖ്, , കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുഷ വി,
കെ. സി എം. എം. എഫ് ചെയർമാൻ കെ എസ് മണി കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കടലുണ്ടി ക്ഷീരസംഘം പ്രസിഡന്റ് കെ. പുഷ്പ രാജൻ സ്വാഗതവും കോഴിക്കോട് ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രശ്മി ആർ നന്ദിയും പറഞ്ഞു
Post a Comment