ബേപ്പൂര്‍ തുറമുഖത്തുനിന്ന് ഏറെ വികസന പ്രതീക്ഷയോടെ ആരംഭിച്ച കണ്ടെയ്നര്‍ കപ്പല്‍ സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കുറഞ്ഞ ചെലവില്‍ ജലഗതാഗത ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കപ്പല്‍ ചരക്കുകടത്താണ് ഒമ്പതു മാസം തികയും മുൻപേ നിര്‍ത്തിയത്.
ബേപ്പൂര്‍, അഴീക്കല്‍, കൊച്ചി, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് ആരംഭിച്ച 'ഗ്രീന്‍ ഫ്രൈറ്റ് കോറിഡോര്‍-2'എന്ന പേരില്‍ തുടക്കമിട്ട സര്‍വിസാണിത്. തുറമുഖത്ത് ഏറെക്കാലം ഉപയോഗിക്കാതിരുന്ന കണ്ടെയ്നര്‍ ഹാന്‍ഡ് ലിങ് ക്രെയ്നും, റീച്ച് സ്റ്റേക്കറും അടിയന്തരമായി ലക്ഷങ്ങള്‍ ചെലവിട്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാണ് കണ്ടെയ്നര്‍ കപ്പല്‍ സര്‍വിസിനെ വരവേല്‍ക്കാന്‍ തുറമുഖം ഒരുങ്ങിയത്.
രാജ്യത്തെ മുന്‍നിര കപ്പല്‍ കമ്പനിയായ ജെ.എം.ബക്സി ഗ്രൂപ്പിന്റെ 'ചൗഗുളേ 8' കപ്പലിന്റെ കേരള സര്‍വ്വീസ് വലിയ ആഘോഷങ്ങളോടെ ജൂലൈ ആദ്യവാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ചരക്കുനീക്കത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തുറമുഖങ്ങളില്‍ ഒരുക്കാത്തതും, ഇന്‍സെന്റിവ് കുടിശ്ശിക ഒരു കോടി രൂപ കടന്നിട്ടും തുക അനുവദിക്കാത്തതുമാണു സര്‍വിസ് അവസാനിപ്പിക്കാന്‍ കാരണമെന്നാണു കപ്പല്‍ കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
20 അടി നീളമുള്ള 106 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണു 'ചൗഗുളേ 8'. ബേപ്പൂരിലെയും, കണ്ണൂര്‍ അഴീക്കലിലെയും കപ്പല്‍ച്ചാലുകള്‍ക്ക് ആഴമില്ലാത്തതിനാല്‍ ഇത്രയും കണ്ടെയ്നറുകള്‍ കയറ്റാന്‍ സാധിച്ചിരുന്നില്ല. കപ്പല്‍ച്ചാലിന്റെ ആഴക്കുറവിനാല് വേലിയേറ്റത്തില്‍ ജലനിരപ്പ് ഉയരുന്നതുവരെ പുറംകടലില്‍ കാത്തുകിടക്കണം. ഇതു കാരണം, ലക്ഷക്കണക്കിനു രൂപയുടെ ഇന്ധനനഷ്ടവും സമയനഷ്ടവുമാണ് ഓരോ സര്‍വിസിലും കപ്പല്‍ കമ്ബനിക്ക് ഉണ്ടായത്.
സംസ്ഥാനതീരത്തുനിന്നും മാരിടൈം ബോര്‍ഡ് ആരംഭിച്ച ചരക്കു സര്‍വിസില്‍, ഒമ്ബതു മാസംകൊണ്ട് കേരളത്തിലെ ചെറുകിട തുറമുഖങ്ങളെ മേജര്‍ തുറമുഖമായ കൊച്ചിയുമായി ബന്ധിപ്പിച്ചു നടത്തിയ 43 സര്‍വിസുകളിലായി 3,330 കണ്ടെയ്നറുകള്‍ ഈ കപ്പല്‍ ഇതിനകം കൈകാര്യം ചെയ്തു.
കേന്ദ്ര സര്‍ക്കാറിന്റെ 'സാഗര്‍മാല' പദ്ധതിയില്‍ പെടുത്തി ബേപ്പൂര്‍ തുറമുഖം വികസിപ്പിക്കുമെന്നു കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. മാസത്തില്‍ നാലായിരത്തോളം കണ്ടെയ്നറുകളാണ് കൊച്ചി വല്ലാര്‍പാടം തുറമുഖത്തുനിന്ന് മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് റോഡുമാര്‍ഗം എത്തിക്കുന്നത്. ബേപ്പൂരില്‍നിന്നുള്ള കണ്ടെയ്നര്‍ കപ്പല്‍ സര്‍വിസ് നിര്‍ത്തിയത് മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാകും.
Post a Comment