വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നടത്തിയ പ്രസ്താവനക്കെതിരേ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. രണ്ടുരൂപയുടെ കൺസെഷൻ വിദ്യാർഥികൾക്കു തന്നെ നാണക്കേടാണെന്ന മന്ത്രിയുടെ വാക്കുകൾക്കെതിരേയാണ് ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ അടക്കമുള്ളവയുടെ നേതാക്കൾ രംഗത്തെത്തിയത്.
മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും കൺസെഷൻ ആരുടെയും ഔദാര്യമല്ല, അവകാശമാണെന്നും എസ്.എഫ്.ഐ. നേതാക്കൾ പ്രസ്താവനയിലൂടെ പറഞ്ഞു. മന്ത്രിയുടെ അഭിപ്രായപ്രകടനം പ്രതിഷേധാർഹമാണെന്നും അഭിപ്രായം തിരുത്തണമെന്നും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷും സെക്രട്ടറി കെ.എം. സച്ചിൻദേവ് എം.എൽ.എ.യും ആവശ്യപ്പെട്ടു.
മന്ത്രിയുടെ പ്രസ്താവന വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്ന് കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്തും പ്രതികരിച്ചു. പ്രസ്താവന പിൻവലിക്കാൻ മന്ത്രി തയ്യാറാകണമെന്നും മന്ത്രി മാളികയിൽ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, വിദ്യാർഥി സമൂഹത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയ്യാറാകുന്നതെങ്കിൽ അത്തരം നടപടികളെ പ്രതിരോധിക്കാൻ കെ.എസ്.യു മുന്നിലുണ്ടാകുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
വിദ്യാർഥികളെ അപമാനിച്ച മന്ത്രി ആന്റണി രാജു വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് എം.എസ്.എഫും ആവശ്യപ്പെട്ടു. ബസ് കൺസഷൻ നാണക്കേടല്ല, വിദ്യാർഥികളുടെ അവകാശമാണെന്ന് എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി എൻ.സി.ടി. ഹരി പറഞ്ഞു. പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും ധിക്കാരപരമായ നിലപാടുമായാണ് മുന്നോട്ടു പോകുന്നതെങ്കിൽ മന്ത്രിയെ എ.ബി.വി.പി. വഴിയിൽ തടയുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Post a Comment