സാമൂഹിക അടുക്കളയെന്ന ലക്ഷ്യത്തിനായി സമൂഹത്തെ പ്രാപ്തമാക്കണം : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍



അന്താരാഷ്ട്ര വനിതാദിനം - സംസ്ഥാനതല ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
 തുല്യത ഉറപ്പുവരുത്തുന്ന സാമൂഹിക അടുക്കള യാഥാർത്ഥ്യമാകാൻ പാകത്തിൽ സമൂഹത്തെ സ്ത്രീപക്ഷമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീസമൂഹം നേതൃത്വം നൽകണമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. സാമൂഹിക അടുക്കളകള്‍ നടപ്പിലാക്കിയാല്‍ സ്ത്രീകളെ വീടുകളില്‍ തളച്ചിടുന്ന അവസ്ഥ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനം സംസ്ഥാനതല  ഉദ്ഘാടനം ടാഗോര്‍ സെന്റിനറി ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടിത വനിത പ്രസ്ഥാനമാണ് കുടുംബശ്രീ. 45.44 ലക്ഷം കുടുംബങ്ങള്‍ അംഗങ്ങളായുള്ള കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിനായി മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണ്. ദാരിദ്ര്യലഘൂകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മാറാനും കുടുംബശ്രീക്ക് സാധിച്ചു. 

സ്ത്രീധനമുള്‍പ്പടെ നിരവധി കാര്യങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇതിനെല്ലാമെതിരെ അതിശക്തമായി പ്രതികരിക്കാന്‍ കഴിയുന്ന പ്രസ്ഥാനം കുടുംബശ്രീ തന്നെയാണ്. കക്ഷിരാഷ്ട്രീയത്തിനതീധമായി എല്ലാ വിഭാഗത്തില്‍പെട്ട സ്ത്രീകളെയും ഉള്‍ക്കൊള്ളിച്ച് കരുത്തോടെ മുന്നോട്ട് പോവുന്ന പ്രസ്ഥാനം വേറെയില്ല. കുടുംബശ്രീ ഒരു ജനക്കൂട്ടമല്ല, മറിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള ഒരോ കടന്നാക്രമണത്തെയും പ്രതിരോധിക്കുന്നതിനുള്ള കൂട്ടായ്മയിലെ മുന്‍പന്തിയില്‍ നിന്ന് പൊരുതുന്നവരാണെന്ന് തെളിയിച്ചിട്ടുണ്ട്. 

18 മുതല്‍ 40 വരെ പ്രായമുള്ള വനിതകളെ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പിന്റെ ഭാഗമാക്കി 20000ത്തോളം യൂണിറ്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷം സംരഭകരെ ഒരുവര്‍ഷം കൊണ്ട് കണ്ടെത്താന്‍ തൊഴില്‍ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പൊതുഭരണവകുപ്പും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 20000ത്തോളം വരുന്ന യൂണിറ്റുകളില്‍ നിന്ന് വനിതസംരഭകരെ കണ്ടെത്താന്‍ സാധിക്കും. ലക്ഷക്കണക്കിന് വനിതകള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനും സാധിക്കും. സ്വയംതൊഴില്‍ കണ്ടെത്താനും മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കാനും കുടുംബശ്രീ അംഗങ്ങള്‍ക്ക് സാധിക്കണം. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ പ്രധാനപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കുടുംബശ്രീ വഹിക്കുന്ന പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു. 


Post a Comment

Previous Post Next Post