കൊയിലാണ്ടി ചെങ്ങോട്ട്കാവിൽ വീടുകളിൽ സാധനങ്ങൾ വിൽക്കാനെത്തിയ ആൾ ഗൃഹനാഥനെ ആക്രമിച്ചു. ആക്രമണത്തിൽ ഗൃഹനാഥന്റെ ഒരു ചെവി മുറിഞ്ഞു പോയി. ചെങ്ങോട്ട് കാവ് മേലൂർ കൊണ്ടം വള്ളി ആര്യ മഠത്തിൽ മീത്തൽ ഉണ്ണികൃഷ്ണന് (45) നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകീട്ടാണ് സംഭവം.
സാധനങ്ങളുമായി വില്പനക്കെത്തിയ യുവാവ് വീടിൻ്റെ ഗേറ്റ് കടന്ന് അകത്തെത്തി ഉണ്ണികൃഷ്ണന്റെ പ്രായമായ അമ്മയുടെ നേരെ ചെല്ലുകയായിരുന്നു. ഇയാളെ അകത്ത് കണ്ട അമ്മയുടെ നിലവിളിക്കുകയും അത് കേട്ട് ഉണ്ണികൃഷ്ണൻ ഇവർക്കരികിലേക്ക് വരികയായിരുന്നു. എന്നാൽ ഉണ്ണികൃഷ്ണനെ കണ്ടതോടെ യുവാവ് ഇറങ്ങി ഓടി. തുടർന്ന് ഉണ്ണി ഇയാളുടെ ബാഗ് പരിശോധിക്കുന്നതിനിടെ വിൽപ്പനക്കാരൻ പുറകിലൂടെ വന്ന് വലിയൊരു മരകഷണമെടുത്ത് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഉണ്ണികൃഷ്ണനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഇയാളുടെ ഒരു ഭാഗത്തെ ചെവി മുറിഞ്ഞുപോവുകയും തലയിൽ അഞ്ചോളം തുന്നി കെട്ടലുകളുമുണ്ട്. മൂന്നു മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് ഡോക്ടർമാർ തുന്നൽ ഇടാൻ സാധിച്ചത്. ഇത് ശരിയായില്ലെങ്കിൽ സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
സംഭവത്തെ തുടർന്ന് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Post a Comment