കോഴിക്കോട് ഒരു കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട് നഗരത്തില്‍ ഒരു കോടി രൂപ വില മതിക്കുന്ന മയക്കുമരുന്നുകള്‍ പിടികൂടി. സംഭവത്തിൽ പന്നിയങ്കരയിലെ വെസ്റ്റ് മാങ്കാവ് ഫാത്തിയാസ് ഹൗസില്‍ കെ ഫസലു (34)വിനെ എക്സൈസ് സ്പെക്ടര്‍ സി.ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ഇയാളിൽ നിന്ന് എല്‍.എസ്.ഡി 82 എണ്ണം, ഹാഷിഷ് 1.431 കിലോഗ്രാം, എം.ഡി.എം.എ 2.74 ഗ്രാം, കൊക്കെയ്ന്‍ 3.15 ഗ്രാം എന്നിവയാണ് പിടികൂടിയത്. മയക്കുമരുന്ന് ശേഖരം വീടിനകത്ത് സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു .അറസ്റ്റിലായ പ്രതി കെ ഫസലുവിനെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി (3) റിമാന്‍ഡ് ചെയ്തു.

രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് സംഘത്തിന്റെ മിന്നല്‍ പരിശോധന. എല്‍.എസ്.ഡി ഗോവയില്‍ നിന്നും ഹാഷിഷ് ഓയിൽ ഡല്‍ഹിയില്‍ നിന്നും എം.ഡി.എം.എ , കൊക്കെയ്ന്‍ എന്നിവ രാജസ്ഥാന്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുമാണ് കൊണ്ടുവന്നതെന്ന് പ്രതി സമ്മതിച്ചു.

മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തെ കണ്ടെത്താന്‍ എക്സൈസ് പ്രതിയുടെ ഫോണ്‍ കോളുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണ്. എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.വി.റിഷിത്ത്കുമാര്‍, എന്‍.കെ.യോഗേഷ് ചന്ദ്ര, ഡി.എസ്.ദിലീപ്കുമാര്‍, മുഹമ്മദ് അബ്ദുള്‍ റഹൂഫ്, സി.നിധിന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മഞ്ജുള ഉല്ലാസ് , ബി.ബിനീഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post