പ്രൈവറ്റ് ബസ് ചാർജ് വർധിക്കുന്നതിന് ആനുപാതികമായി കെ.എസ്.ആർ.ടി.സി നിരക്കും കൂടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് നിരക്കാണ് വർദ്ധിപ്പിക്കുക. സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാർജ് വർധനവിന് എൽഡിഎഫ് അംഗീകാരം നൽകിയതോടെ മിനിമം ചാർജ് 8 രൂപയിൽ നന്ന് 10 രൂപയാക്കിയാണ് വർധിപ്പിച്ചത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ല. മിനിമം ചാർജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എൽഡിഎഫ് യോഗത്തിന്റെ തീരുമാനം.
മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വർധിപ്പിക്കണം, വിദ്യാർത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകൾ സമരം നടത്തിയത്. നിരക്ക് വർധന ഉടൻ നടപ്പാക്കുമെന്ന സർക്കാർ ഉറപ്പിൽ സ്വകാര്യ ബസ് ഉടമകൾ സമരം പിൻവലിക്കുകയായിരുന്നു. പ്രൈവറ്റ് ബസ് മേഖലയെ മുന്നോട്ടു കൊണ്ടു പോകാൻ ഒട്ടും പര്യാപ്തമായ നിരക്ക് വർധനവല്ല എൽഡിഎഫ് പ്രഖ്യാപിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധി ടി ഗോപിനാഥ് പറഞ്ഞു.
Post a Comment