ലൈംഗികാതിക്രമം : മേക്കപ്പ് ആര്‍ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി

കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ടിസ്റ്റ് അനീസ്‌ അന്‍സാരിക്കെതിരെ ഒരു യുവതി കൂടി പരാതി നല്‍കി. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്.

വിവാഹ ദിവസം മേക്കപ്പ് ചെയ്യാനെത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ അനീസിനെതിരെ ലഭിച്ച പരാതികള്‍ നാലായി. ഇയാള്‍ ഒളിവിലാണ്.

വൈറ്റില ചളിക്കവട്ടത്ത് യുണിസെക്സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ് സ്ഥാപനം നടത്തുന്ന അനീസ് മേക്കപ്പ് ചെയ്യുന്നതിനിടയിലാണ് യുവതികള്‍ക്ക് നേരെ ലൈംഗികതക്രമങ്ങള്‍ നടത്തിയത്. മേക്കപ്പിനിടയില്‍ ഇയാള്‍ അനാവശ്യമായി സ്വകാര്യ ഇടങ്ങളില്‍ സ്പര്‍ശിച്ചു എന്നാണ് യുവതികളുടെ പരാതിയില്‍ പറയുന്നത്. വിവാഹ ദിവസമാണ് പ്രതി യുവതികളെ ചൂഷണം ചെയ്തിരുന്നത്. അതുകൊണ്ടാണ് ഇവര്‍ ആദ്യം പൊലീസില്‍ പരാതി നല്‍കാന്‍ മടിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രമിലൂടെയാണ് യുവതികള്‍ അനീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മീ ടൂ ആരോപണങ്ങള്‍ ഉയരുന്നതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളുടെ വീട്ടിലും ചളിക്കവട്ടത്തെ സ്ഥാപനത്തിലും പൊലീസ് പരിശോധന നടത്തി പാസ്പോര്‍ട്ട് അടക്കം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ കേരളത്തിലോ അയല്‍ സംസ്ഥാങ്ങളില്‍ എവിടെയോ ആണ് ഒളിവില്‍ കഴിയുന്നതെന്നാണ് പൊലീസ് നിഗമനം. അനീസുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുഹൃത്തുക്കളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ ലൈംഗികാതിക്രമ പരാതികള്‍ വന്ന് അറസ്റ്റിലായതിന് പിന്നാലെയാണ് അനീസിനെതിരെയും പരാതികള്‍ ഉയർന്നത്.

Post a Comment

Previous Post Next Post