കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേവാര്‍ഡുകള്‍ മാര്‍ച്ച് 24ന് തുറക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു.
കോവിഡ് കേസുകള്‍ തുടങ്ങിയ സാഹചര്യത്തിൽ രോഗികളെ ചികിത്സിക്കാനായി ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയതോടെ രണ്ടു വര്‍ഷമായി ഐസൊലേഷന്‍ വാര്‍ഡായി പ്രവര്‍ത്തിക്കുകയായിരുന്നു പേവാർഡുകൾ.
കോവിഡ് കേസുകള്‍ രൂക്ഷമായപ്പോഴെല്ലാം ചികിത്സ സൗകര്യങ്ങള്‍ പേവാര്‍ഡില്‍ ഒരുക്കിയിരുന്നു. പിന്നീട് പി.എം.എസ്.എസ്.വൈ ബ്ലോക്ക് ജില്ല കോവിഡ് ആശുപത്രിയാക്കി മാറ്റി അവിടേക്ക് രോഗികളെ പ്രവേശിപ്പിച്ചു. അതോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കോവിഡ് രോഗികള്‍ ഒഴിഞ്ഞത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ രോഗികളുടെ എണ്ണവും കുറഞ്ഞു. അതേസമയം, മറ്റു രോഗികളുടെ എണ്ണം വര്‍ധിക്കാനും തുടങ്ങി. വാര്‍ഡുകള്‍ക്കപ്പുറം വരാന്തകളും നിറഞ്ഞു മറ്റു രോഗികള്‍ ചികിത്സ തേടുന്ന പശ്ചാത്തലത്തിലാണ് പേവാര്‍ഡുകള്‍ ഇനിയും അടച്ചിടേണ്ടതില്ലെന്ന തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്.
കേരള ഹെല്‍ത്ത് റിസര്‍ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴിലാണ് പേവാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. നൂറിലേറെ വരുന്ന പേവാര്‍ഡുകള്‍ കോവിഡാനന്തരം അറ്റകുറ്റപ്പണി നടത്തി പൂര്‍ണ പ്രവര്‍ത്തനസജ്ജമായിരുന്നെങ്കിലും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് നഴ്സുമാരെ ലഭ്യമാക്കാന്‍ സാധിക്കില്ലെന്ന കാരണം പറഞ്ഞാണ് ഇതുവരെയും തുറക്കാതിരുന്നത്. ആശുപത്രിയില്‍ തന്നെ വേണ്ടത്ര നഴ്സുമാരില്ലെന്നും കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് തന്നെ നഴ്സുമാരെ നിയമിക്കണമെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം. എന്നാല്‍, അതിന് കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് തയാറായില്ല.
നാലു നഴ്സുമാരുണ്ടെങ്കില്‍ പ്രവര്‍ത്തനം ആരംഭിക്കാവുന്നതാണെന്ന് കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് അധികൃതര്‍ പറയുന്നു. 500 രൂപയുടെ ജനത വാര്‍ഡുകള്‍, 600 രൂപക്ക് ഡീലക്സ്, 1000 രൂപക്ക് എ.സി ഡീലക്സ് എന്നിങ്ങനെയാണ് പേവാര്‍ഡുകളുടെ ഫീസ്.
Post a Comment