സംസ്ഥാനത്ത് എമർജൻസി പിജി കോഴ്‌സിന് അനുമതി ലഭ്യമായതായി ; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

അപകടത്തിൽപ്പെട്ടർക്കും അസുഖങ്ങൾ ബാധിച്ചവർക്കും അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച  എമർജൻസി മെഡിസിൻ വിഭാഗത്തിന് കരുത്തേകാനായി, സംസ്ഥാനത്ത് എമർജൻസി മെഡിസിൻ പിജി കോഴ്സിന് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്ന്എമർജൻസി മെഡിസിൻ പിജി സീറ്റുകൾക്കാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയത്. സംസ്ഥാനത്തെ ആശുപത്രികളിൽ അത്യാഹിത വിഭാഗ ചികിത്സയ്ക്കായി വലിയ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കി വരുന്നത്. സൗകര്യങ്ങൾ കൂടുന്നതോടൊപ്പം ഈ വിഷയത്തിൽ വിദഗ്ധ സ്പെഷ്യാലിറ്റി ഡോക്ടർമാരെയും സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. എമർജൻസിമെഡിസിന് പിജി കോഴ്സ് ഈ വർഷം തന്നെ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് പ്രധാന മെഡിക്കൽ കോളേജുകളിലും എമർജൻസി മെഡിസിൻ കോഴ്സിനുള്ള അനുമതി ലഭിക്കാൻ ശ്രമിക്കുന്നതാണ്. ഇതിലൂടെ കൂടുതൽ  എമർജൻസി ഡോക്ടർമാരെ സൃഷ്ടിക്കാനും ഭാവിയിൽ കേരളത്തിലാകെ അത്യാഹിത വിഭാഗ ചികിത്സയിൽ പ്രയോജനപ്പെടുത്താനും സാധിക്കുന്നതാണ്. 

സർക്കാരിന് ഇതുവരെ 18 സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും 9 സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.സമഗ്ര ട്രോമ കെയറിന്റെ ഭാഗമായി പ്രധാന മെഡിക്കല്‍ കോളജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിച്ചത്. ഈ വിഭാഗത്തിനായി 108 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. മികച്ച ട്രയേജ് സംവിധാനം, രോഗ തീവ്രതയനുസരിച്ച് രോഗികള്‍ക്ക് അടിയന്തര പരിചരണം ഉറപ്പാക്കാന്‍ പച്ച, മഞ്ഞ, ചുവപ്പ് മേഖലകള്‍ എന്നിവയെല്ലാം എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ പ്രത്യേകതയാണ്. ഓപ്പറേഷന്‍ തീയറ്ററുകള്‍, തീവ്ര പരിചരണ വിഭാഗങ്ങള്‍, സ്‌കാനിംഗ് തുടങ്ങി വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ ഏകോപിപ്പിച്ചുണ്ട്.

ഒരാള്‍ അപകടത്തില്‍പ്പെട്ടാല്‍ ഗോള്‍ഡന്‍ അവറിനുള്ളില്‍ അദ്ദേഹത്തെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. ഇത് മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് ഒരു അപെക്‌സ് ട്രോമ & എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ (എ.ടി.ഇ.എല്‍.സി.) ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ സെന്റര്‍ വഴി വിദഗ്ധ പരിശീലനം നല്‍കുകയും അവര്‍ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി വിവിധതരം എമര്‍ജന്‍സി & ട്രോമ അനുബന്ധ കോഴ്‌സുകളാണ് ഈ സെന്ററില്‍ നടത്തി വരുന്നത്. 

Post a Comment

Previous Post Next Post