ജീവിച്ചിരിക്കുന്ന ആളിൽ നിന്നും കരൾ പാതി പകുത്തു നൽകി ചരിത്രത്തിലേക്ക് ചുവട് വെച്ച് ; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി


 സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ലൈവ് ഡോണര്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുരോ​ഗമിക്കുന്നു. മരണാനന്തരം ദാനം ചെയ്ത കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നേര‌ത്തെ ഒരു തവണ സര്‍ക്കാര്‍ മേഖലയില്‍ നടന്നിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അന്ന് ശസ്ത്രക്രിയ നടന്നത്.

സ്വകാര്യ മേഖലയില്‍ മാത്രം നടന്നിരുന്ന ലൈവ് ഡോണര്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇതാദ്യമായി സര്‍ക്കാര്‍ മേഖലയിലും നടക്കുന്നത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സ്വകാര്യ മേഖലയില്‍ നിന്ന് പ്രത്യേക പരിശീലനം നേടി വന്ന ഡോ.ആര്‍.എസ്.സിന്ധുവിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. വിദ​ഗ്ധ പരിശീലനം നേടി വന്ന ഡോ.സിന്ധുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് സ്ഥലംമാറ്റി യൂണിറ്റ് ശക്തിപ്പെടുത്തി 9 മാസങ്ങള്‍ക്കുള്ളിലാണ് സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് സര്‍ക്കാര്‍ മേഖല സജ്ജമായത്.

ദാതാവില്‍ നിന്നും ആവശ്യമായ കരള്‍ എടുത്ത് സ്വീകര്‍ത്താവിലേക്ക് കരള്‍ മാറ്റിവയ്ക്കുന്ന 18 മണിക്കൂറിലേറെ നീണ്ട് നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണിത്. സര്‍ക്കാര്‍ മേഖലയിലെ വിദ​ഗ്ധര്‍ക്കൊപ്പം സ്വകാര്യ മേഖലയുടെ കൂടി സഹായത്തോടെയാണ് ആദ്യ ശസ്ത്രക്രിയ. കിംസ് ആശുപത്രിയിലെ ഡോ.ഷബീര്‍ അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് ഒപ്പമുള്ളത്. ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണമാണ് വലിയ വെല്ലുവിളി.ചെറിയൊരു അണുബാധപോലും തിരിച്ചടിയാകുമെന്നതിനാല്‍ ശസ്ത്രക്രിയയുടെ വിജയം പ്രവചിക്കുക അസാധ്യം.

കഴിഞ്ഞ മാസം തന്നെ കരള്‍മാറ്റിവയ്ക്കലിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സജ്ജമായിരുന്നെങ്കിലും ‌‌നടപടിക്രമങ്ങള്‍ വൈകിയതാണ് ശസ്ത്രക്രിയ നീളാന്‍ കാരണമായത്. ഗുരുതര കരള്‍ രോ​ഗം ബാധിച്ച തൃശൂര്‍ സ്വദേശിക്കാണ് ശസ്ത്രക്രിയ. ഭാര്യതന്നെയാണ് ദാതാവ്. ഇതിനിടയില്‍ ദാ‌താവിനും സ്വീകര്‍ത്താവിനും കൊവിഡ് ബാധിച്ചതും ശസ്ത്രക്രിയ വൈകാന്‍ കാരണമായി.

കേരളത്തില്‍ 2006ലാണ് ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള കരള്‍ മാറ്റിവയ്ക്കല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്. സ്വകാര്യ മേഖലയില്‍,കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയിലായിരുന്നു അത്. ആദ്യ ശസ്ത്രക്രിയയില്‍ രോ​ഗി മരിച്ചു. രണ്ടാമത് കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന ലൈവ് ഡോണര്‍ ശസ്ത്രക്രിയയിലും രോ​ഗി മരിച്ചു. എന്നാല്‍ രണ്ടാം വട്ടം അമൃതയില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു. തുടര്‍ന്നിങ്ങോട്ട് അമൃത ആശുപത്രി മാത്രം 1000 ലൈവ് ഡോണര്‍ ശസ്ത്രക്രിയ നടത്തി. സ്വകാര്യ മേഖലയിലെ മറ്റ് ആശുപത്രികള്‍ 600ലേറെ ശസ്ത്രക്രിയകളും. എന്നാല്‍ ആ ദൗത്യം വിദ​ഗ്ധരേറെയുളള സര്‍ക്കാര്‍ മേഖലയ്ക്ക് ഏത്ര പെട്ടെന്ന് വഴങ്ങിയില്ല. ദാതാവിനും സ്വീകര്‍ത്താവിനും അണുബാധ ഏല്‍ക്കാത്ത വിധമുള്ള ഐസിയു സംവിധാനങ്ങളടക്കം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ മേഖല വേണ്ടത്ര വിജയിച്ചില്ലെന്നതും ആദ്യ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള രണ്ടാം ശസ്ത്രക്രിയക്ക് കാലതാമസമുണ്ടാക്കി.

സ്വകാര്യ മേഖലയില്‍ 25ലക്ഷം രൂപ വരെ ചെല‌വ് വരുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലിയില്‍ ചെയ്യുമ്പോള്‍ രോ​ഗിയ്ക്ക് അത്രകണ്ട് ചെലവ് വന്നില്ലെങ്കിലും സര്‍ക്കാരിന് 12 ലക്ഷത്തിലേറെ രൂപ ഒരു ശസ്ത്രക്രിയക്ക് തന്നെ മുടക്കേണ്ടി വരും. ഒപ്പം സര്‍ക്കാര്‍ മേഖല വൈദ​ഗ്ധ്യം നേടി എന്നുറപ്പിക്കും വരെ സ്വകാര്യ മേഖലയുടെ കൂടി സഹായം ഉറപ്പാക്കേണ്ടതുമുണ്ട്. ഒരു ശസ്ത്രക്രിയക്ക് ലക്ഷം രൂപ എന്ന കണക്കിലാണ് കിംസുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളത്.

​അഞ്ച് വര്‍ഷം മുമ്ബ് 2016 മാര്‍ച്ച്‌ 23നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. മരണാനന്തര അവയവദാനമായിരുന്നു അത്. അണുബാധയെത്തുടര്‍ന്ന് കരള്‍ മാറ്റിവച്ച രോഗി മരിച്ചു . അന്ന് പൂട്ടിയ യൂണിറ്റ് പിന്നീടിതുവരെ പ്രവര്‍ത്തിച്ചില്ലെന്നതും ചരിത്രം.


Post a Comment

Previous Post Next Post