സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു
പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി. നടത്തുന്ന എസ്എസ്എല്‍സി ലെവല്‍ പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 16ന് മുമ്പ് പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസില്‍ പേര്, പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ആദ്യം അപേക്ഷിക്കുന്ന 50 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2376179
എസ്.സി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് ജില്ലയിലെ വിവിധ ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് എസ്.സി പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട 18 നും 30 നും മധ്യേ പ്രായമുള്ളവരും പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരും തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ താമസിക്കുന്നവരാകണം. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28 ന് മുമ്പായി കോഴിക്കോട് ജില്ലാ പട്ടിജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഫോണ്‍: 0495 2370379
അധ്യാപക കോഴ്സ് സ്പോട്ട് അഡ്മിഷന്‍
കേരള ഗവണ്‍മെന്റ് അംഗീകൃത ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് സ്പോട്ട് അഡ്മിഷന്‍ ഫെബ്രുവരി 18 രാവിലെ 10 മണിക്ക് നടക്കും. പി.എസ്.സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാംഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസില്ല. വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734296496, 8547126028.
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്
വിമുക്തഭടന്മാരുടെ മക്കളില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് 2021- 22 അധ്യയന വര്‍ഷത്തില്‍ ആദ്യവര്‍ഷം ചേര്‍ന്ന് പഠിക്കുന്നവരില്‍നിന്നും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.ksb.gov.in ഫോണ്‍: 0495 2771881
വാഹന ലേലം
കോഴിക്കോട് റൂറല്‍ പോലീസ് മേധാവിയുടെ അധീനതയിലുള്ള പോലീസ് സ്റ്റേഷനുകളിലും സായുധസേനാവിഭാഗം കാര്യാലയത്തില്‍ സൂക്ഷിച്ചതും എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ടതുമായ 32 വാഹനങ്ങള്‍ ഫെബ്രുവരി 25 രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 വരെ ഓണ്‍ലൈനായി ലേലം ചെയ്യും. ലേല വാഹനങ്ങള്‍ ലേല തീയതിയുടെ തൊട്ടുമുമ്പുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ പരിശോധിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍ : 04962523031
ദേശീയ ചിത്രരചനാ മത്സരം 20ന്
ഇന്ത്യന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ചിത്രരചനാ മത്സരത്തിന്റെ ഒന്നാം ഘട്ടമായ ജില്ലാതല മത്സരം ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 5-9, 10-16 എന്നീ പ്രായപരിധിക്കാര്‍ക്ക് രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ക്ക് 5-10, 11-18 എന്നിങ്ങനെയാണ് പ്രായപരിധി.
രണ്ട് മണിക്കൂറാണ് മത്സരത്തിനായി അനുവദിച്ചിരിക്കുന്ന സമയം. ഓരോ ഗ്രൂപ്പിനും ചിത്രരചനക്കുള്ള വിഷയങ്ങള്‍ മത്സരത്തിന് മുമ്പ് നല്‍കും. ഡ്രോയിങ്ങ് ഷീറ്റ് സംഘാടക സമിതി നല്‍കും. രചനക്കാവശ്യമായ ഉപകരണങ്ങള്‍, ക്രയോണ്‍, വാട്ടര്‍ കളര്‍, ഓയില്‍ കളര്‍, പോസ്റ്റല്‍ എന്നിവ മത്സരാര്‍ഥികള്‍ കൊണ്ടുവരേണ്ടതാണ്. ജനന തീയതി തെളിയിക്കുന്ന രേഖ, ഭിന്നശേഷിക്കാര്‍ 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ കൊണ്ടുവരണം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9446449280, 9446206527 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം.
Post a Comment