മകനെ കാണാനില്ലെന്ന പരാതി അന്വേഷിച്ച പൊലീസ് സംഘം എത്തിപ്പെട്ടത് സ്വര്‍ണക്കടത്ത് സംഘത്തിലേക്ക്. മുതുവടത്തൂര്‍ കാട്ടില്‍ മുഹമ്മദ്ഷഫീഖി(25)നെ കാണാനില്ലെന്ന പരാതിയുമായി തിങ്കളാഴ്ചയാണ് ഷഫീഖിന്റെ മാതാവ് നാദാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്.തുടർന്ന് പൊലീസ് സംഘത്തിന്റെ അന്വേഷണത്തിലാണ് ഷെഫീഖിനു സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുള്ളതായി അറിയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷഫീഖിനെ മലപ്പുറം വേങ്ങരയില്‍ നിന്നും പൊലീസ് കണ്ടെത്തി.ഇയാൾക്കൊപ്പം കക്കം വെള്ളി സ്വദേശി പുതിയോട്ടില്‍ റാഷിദിനേയും മലപ്പുറത്തെ ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് നാദാപുരം പൊലീസ് രക്ഷപ്പെടുത്തി.റാഷിദിനെ കാണാതായതിനെ കുറിച്ച് ആരും പരാതിയൊന്നും നല്‍കിയിരുന്നില്ല.
ഷെഫീഖിനെ കണ്ടെത്തനുള്ള അന്വേഷണത്തിലാണ് ഇവരെ കാണാതായതിന് പിറകിലെ ചുരുളഴിയുന്നത്. മലപ്പുറം സ്വദേശിയായ അമീന് ജനുവരി മാസം ഷഫീഖ് വശം വിദേശത്തു നിന്നും സ്വര്‍ണം കൊടുത്തയച്ചിരുന്നു. എന്നാൽ നാട്ടില്‍ എത്തിയ ഷഫീഖ് സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമീനിന്റെ സംഘമാണ് ഇയാളെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു.
ഇയാളെ തേടി ചൊവ്വാഴ്ച പൊലീസ് സംഘം ഇവരുടെ കേന്ദ്രത്തില്‍ എത്തി. തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം കൊടുത്തവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിദേശത്ത് നിന്നും കാരിയര്‍ വഴി കൊടുത്തയക്കുന്ന സ്വര്‍ണം നഷ്ടമാകുന്നത് അടുത്ത കാലത്തായി മേഖലയില്‍ വര്‍ധിച്ചിരിക്കുകയാണ്. സ്വര്‍ണം നഷ്ടപ്പെടുന്നവര്‍ പൊലീസില്‍ പരാതി പറയാറില്ല. പകരം ക്വട്ടേഷന്‍ സംഘങ്ങളെ ഏല്പിക്കുകയാണ് ചെയ്യുക.
Post a Comment