വടകരയിൽ പോക്സോ കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് ; കെ.കെ. രമ എംഎൽഎ

വടകരയിൽ പോക്‌സോ കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.കെ.രമ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനും നിയമ വകുപ്പു മന്ത്രി പി.രാജീവനും കത്ത് നൽകി. സംസ്ഥാനത്തു കുട്ടികൾക്കെതിരെ പ്രത്യേകിച്ച് പെൺകുട്ടികൾക്കെതിരെയുള്ള അക്രമ-പീഡന പരമ്പരകൾ നിരന്തരം വർധിച്ചു വരികയാണ്.

ഇത്തരം ദുരന്ത സംഭവങ്ങളിൽ ഇരകളാക്കപ്പെടുന്ന കുട്ടികൾക്ക് നീതിയുറപ്പാക്കാൻ കഴിയും വിധം വടകരയിൽ ഒരു പോക്‌സോ കോടതി അനുവദിച്ചു കിട്ടേണ്ടത് അനിവാര്യമായിരിക്കുകയാണ്. നിലവിലിപ്പോൾ കോഴിക്കോട് 2 , കൊയിലാണ്ടി 1 എന്നിങ്ങനെ മൂന്നു പോക്‌സോ കോടതികളാണ് ജില്ലയിലുള്ളത് . വടകര മേഖലയിലെ ഇത്തരം കേസുകളിൽ ഇരകളാക്കപ്പെടുന്ന കുട്ടികളും അവരുടെ ആശ്രിതരും കിലോമീറ്ററുകൾ താണ്ടി വേണം നീതിക്കായി കോടതികൾ കയറിയിറങ്ങാൻ.

ശാരീരികമായും മാനസികമായും തകർന്നിരിക്കുന്ന ഈ കുട്ടികൾക്കും കുടുംബത്തിനും ഇത് പ്രയാസമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തു പുതുതായി അനുവദിക്കുന്ന പോക്‌സോ കോടതികളിൽ ഒന്ന് വടകരയിൽ അനുവദിച്ചു നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ കത്തിലൂടെ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post