ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തി. രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ചേര്‍ന്ന് സ്വീകരിച്ചു. സഭയിലേക്ക് കടന്ന ഗവര്‍ണര്‍ക്കെതിരെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോഴും ഗോബാക്ക് വിളികള്‍ പ്രതിപക്ഷ നിരയില്‍ നിന്ന് മുഴങ്ങി. ഇതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് പറയുകയുണ്ടായി.
വ്യാഴാഴ്ച ഒരു പകൽ മുഴുവൻ സർക്കാരിനെ മുൾ മുനയിൽ നിർത്തിയ ഗവർണർ ഒടുവിൽ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടതോടെ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഉരുണ്ടുകൂടിയ പ്രതിസന്ധി ഒഴിവായത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്.കര്‍ത്തയെ നിയമിച്ചത് തൊട്ടുണ്ടായ വിവാദം പൊതുഭരണ സെക്രട്ടറിയെ സ്ഥാനത്ത് നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ച നാടകീയ നീക്കങ്ങളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ ഉപാധിവെച്ച ഗവര്‍ണര്‍ക്ക് മുന്നില്‍ പൊതുഭരണ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ മാറ്റി സര്‍ക്കാര്‍ അനുരഞ്ജനം ഗവര്‍ണര്‍ സ്വീകരിച്ചതോടെ അനിശ്ചിതത്വം അവസാനിക്കുകയായിരുന്നു.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനൻസ്, കെഎസ്ഇബി വിവാദം ഗവര്‍ണര്‍ - സര്‍ക്കാര്‍ തര്‍ക്കം, പെൻഷൻ പ്രായം എന്നിവയൊക്കെ നിയമസഭയില്‍ വലിയ ചര്‍ച്ചയാകും. പ്രതിപക്ഷം കടുത്ത നിലപാടിലേക്കാണ് കടക്കുന്നത്. നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടെന്നാണ് വിവരം. മാർച്ച് 11നാണ് ബജറ്റ്.
Post a Comment