നൂറുദിന കർമ്മ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ നിന്ന്

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പുതിയ നൂറുദിന കർമ്മ പരിപാടിയുടെ ഉദ്ഘാടനം സന്തോഷപൂർവ്വം നിർവ്വഹിക്കുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള രണ്ടാമത്തെ നൂറുദിന പരിപാടിയാണ് ഇപ്പോൾ തുടങ്ങിവെക്കുന്നത്. ഇതിന്റെ പരിസമാപ്തി മന്ത്രിസഭയുടെ ഒന്നാം വാർഷികത്തിലായിരിക്കും എന്ന പ്രത്യേകത കൂടിയുണ്ട്.

കേരളത്തിന്റെ സമസ്ത മേഖലകളെയും പുരോഗമനപരമായി സ്വാധീനിക്കുന്ന വൈവിധ്യമാർന്ന പദ്ധതികളാണ് ഈ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായിട്ടുള്ളത്. ചുരുങ്ങിയ നാൾ കൊണ്ടാണെങ്കിലും ബൃഹത്തായ പദ്ധതികൾ തന്നെയാണ് നടപ്പാവുന്നത്. 2021 ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെ നടപ്പാക്കിയ നൂറുദിന പരിപാടിയിൽ സാമൂഹിക സുരക്ഷയും തൊഴിൽ സുരക്ഷയും പശ്ചാത്തല സൗകര്യ വികസനവും പ്രധാന അജണ്ടയായിരുന്നു. അതേ പാത പിന്തുടർന്നാണ് ഇത്തവണയും കർമ്മപരിപാടി നടപ്പാക്കുന്നത്.
ലൈഫ് മിഷന്റെ ഭാഗമായി 20,000 പേർക്ക് വീടുകൾ, മൂന്ന് ഭവന സമുച്ചയങ്ങൾ, പുനർഗേഹം വഴി 532 വീടുകൾ, കേരളത്തിൽ അങ്ങോളമിങ്ങോളം വാതിൽപ്പടി സേവനം, 15,000 പേർക്ക് പട്ടയം പക്ഷെ ഉറപ്പായും അതിൽ കൂടുതൽ എണ്ണം നൽകാനായി പോവുകയാണ്.., 14,000 കുടുംബങ്ങൾക്ക് കെ-ഫോൺ കണക്ഷൻ, എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകൾ, 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 150 വെൽനെസ് സെന്ററുകൾ, 53 പുതിയ സ്കൂൾ കെട്ടിടങ്ങൾ, 150 വിദ്യാർത്ഥികൾക്ക് നവകേരള ഫെലോഷിപ്പ്, 1,500 ഗ്രാമീണ റോഡുകൾ, മാങ്കുളം ജലവൈദ്യുത പദ്ധതി, ചേർത്തല മെഗാ ഫുഡ് പാർക്ക് എന്നിവയൊക്കെ ഈ നൂറുദിന പരിപാടിയുടെ ഭാഗമാണ്.

കേരളത്തിന്റെ മുഖച്ഛായ അടിസ്ഥാനപരമായി മാറ്റാൻ കഴിയുന്ന വിധത്തിലുള്ള മഹത്തായ ഒരു കർമ്മ പദ്ധതിയാണിത്. ഇതിലൂടെ ഒന്ന് കണ്ണോടിക്കുന്നവർക്കറിയാം കേരളത്തിന്റെ എല്ലാ ഭാഗത്തെയും ഒരുപോലെ ബാധിക്കുന്നതും സമതുലിതമായ സമീപനം ഉൾക്കൊള്ളുന്നതുമാണ് ഇതിലെ പദ്ധതികൾ എന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇതിലൂടെ 23 ലക്ഷത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വരുന്നതാണ് ഈ തൊഴിൽ ദിനങ്ങൾ
പുതിയ നൂറുദിന പരിപാടിയിൽ ആകെ 1,557 പദ്ധതികളുണ്ടാവും. 17,183.89 കോടി രൂപ മുടക്കിയാണിതു നടപ്പാക്കുന്നത്. ഇത്ര വലിയ തുകയ്ക്കുള്ള പരിപാടി ഈ ചുരുങ്ങിയ നാളുകൾക്കുള്ളിൽ സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളിലുമായി പൂർത്തിയാക്കുക എന്നതു ചരിത്രത്തിലെ അപൂർവതകളിലൊന്നായിരിക്കും. മഹാമാരിയെ തുടർന്ന് പല രംഗങ്ങളിലുമുണ്ടായ മാന്ദ്യം മനുഷ്യവിഭവ വിനിയോഗത്തെയും ബാധിച്ചിട്ടുണ്ടല്ലൊ. അതിനു വലിയൊരളവിൽ പരിഹാരമാവുക കൂടി ചെയ്യുമിത്. ലക്ഷക്കണക്കിനു തൊഴിൽ ദിനങ്ങളാണിവ സൃഷ്ടിക്കുക എന്നതിൽ നിന്ന് ഇക്കാര്യം വ്യക്തമാണല്ലൊ. മനുഷ്യവിഭവ വിനിയോഗം ഊർജസ്വലമാക്കിക്കൊണ്ടു സാധാരണക്കാരിൽ പണം എത്തിക്കുക എന്നത് കോവിഡ് സമ്പൽഘടനയിലുണ്ടാക്കിയ ക്ഷീണത്തെ മറികടക്കാനുള്ള വഴികളിലൊന്നാണെന്നു സർക്കാർ കരുതുന്നു.

പൂവച്ചലിൽ ഇത്തരമൊരു സ്കൂൾ കെട്ടിടം കുറച്ചു വർഷങ്ങൾക്കു മുൻപ് ആർക്കും സ്വപ്നം കാണാൻ കഴിയുന്ന ഒന്നല്ല കാരണം നമ്മുടെ സംസ്ഥാനത്ത് അത്രത്തോളം പണം വിദ്യാഭ്യാസ രംഗത്ത് ചിലവഴിക്കാൻ വിഷമമായിരുന്നു. പക്ഷെ ഇവിടെ ഏതൊരു പൂവച്ചൽ നിവാസിയുടേയും മനം കുളിർക്കുന്ന കാഴ്ചയാണ് ഈ കെട്ടിടങ്ങൾ അതിൽ നമ്മുടെ എൽഡിഎഫ് സർക്കാരിനെ അനുകൂലിക്കുന്നവർ ഉണ്ടാകും അല്ലാത്തവർ ഉണ്ടാകും അതൊന്നും ഇതിനൊരു പ്രശ്നമല്ല. നാടിന്റെ വികസനം ഉറപ്പുവരുത്തുക എന്നതാണ് ജനങ്ങൾ അധികാരത്തിൽ ഏറ്റിയ സർക്കാരിന്റെ പ്രധാന കടമ അത് ഏതെങ്കിലും ഒരു വിഭാഗത്തിന് ആസ്വദിക്കാൻ ഉള്ളതല്ല നാടിനാകെ ആസ്വദിക്കാൻ ഉള്ളതാണ്. 
മുതിർന്നവർക്ക് ഉള്ളതല്ല ഇന്ന് പഠിക്കുന്നവരും നാളെ പഠിക്കേണ്ടവരും അങ്ങനെ ഭാവി തലമുറക്ക് വേണ്ടി ഉള്ളതാണ് ഈ സൗകര്യങ്ങൾ, ഇത് ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ അത് വലിയ തോതിൽ ഉള്ള കുറ്റമായി മാറും ഒരു സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല എന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ടാകും . നാടിൻറെ വികസന കാര്യങ്ങളിൽ ഇതുപോലെയുള്ള ചെറുതും വലുതുമായ പദ്ധതികൾ എത്രെ ചെറുതായാലും അത് നാടിൻറെ വികസനത്തിന് ഉതകുന്നതാണെങ്കിൽ അത് വലുതായി കാണണം ആ ഒരു മനോഭാവത്തോടെ ആയിരിക്കണം വികസന പദ്ധതികളെ നാം കാണേണ്ടത്.

ഒരു പരിപാടി തന്നെ ഒരുപാടു പരിപാടികളെ ഉൾക്കൊള്ളുന്നു എന്നത് ഈ നൂറുദിന പരിപാടിയുടെ വലിയ ഒരു പ്രത്യേകതയാണ്. ഉദാഹരണത്തിന്, സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം എന്നത് ഒരു പരിപാടിയാണ്. എന്നാൽ, യഥാർത്ഥത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത് 53 സ്കൂൾ കെട്ടിടങ്ങളാണ്. മികച്ച ഇന്റർനെറ്റ് - ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഒരുക്കും എന്നു പറയുമ്പോൾ 140 നിയമസഭാ മണ്ഡലങ്ങളിൽ നൂറു കുടുംബങ്ങൾക്കു വീതവും 30,000 സർക്കാർ ഓഫീസുകൾക്കും കണക്ഷൻ കിട്ടുകയാണ്. ചെറുകിട ജലവൈദ്യുത സ്റ്റേഷൻ മുതൽ നവീകരിച്ച ട്രഷറികൾ വരെയുണ്ട്. ഫുഡ് പാർക്കു മുതൽ റബർ കമ്പനി വരെയുണ്ട്. ഇന്റർനാഷണൽ എക്സിബിഷൻ - കൺവൻഷൻ സെന്റർ മുതൽ ലൈഫ് സയൻസ് പാർക്ക് വരെയുണ്ട്. 18 വയസു പൂർത്തിയാക്കിയ ഭിന്നശേഷിക്കാർക്കു ജീവനോപാധി കണ്ടെത്താനുള്ള ശാക്തീകരണ പദ്ധതി മുതൽ പ്രവാസി സഹായ പദ്ധതി വരെയുണ്ട്. പട്ടികജാതിയിൽപ്പെട്ട കുട്ടികൾക്കുള്ള പഠനമുറി ഒരുക്കൽ മുതൽ പിന്നോക്ക വിഭാഗം പ്രവാസികൾക്കുള്ള റിട്ടേൺ വായ്പാ പദ്ധതി വരെയുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും നാടിന്റെ എല്ലാ ഭാഗങ്ങളെയും ഒരുപോലെ സമഗ്രമായി സ്പർശിക്കുന്ന പദ്ധതികളാണു നടപ്പാക്കുന്നതെന്നു ചുരുക്കം.

നമ്മുടെ നാട് ഏറ്റവും വലിയ പ്രയാസം അനുഭവിക്കുന്നത് ജോലിയുടെ കാര്യത്തിലാണ്. ആവിശ്യമായ രീതിയിലുള്ള തൊഴിലുകൾ തങ്ങളുടെ യോഗ്യതക്കനുസരിച്ച് ലഭ്യമാകുന്നില്ല എന്നത് പ്രയാസകരമായ അനുഭവം ആയി നിൽക്കുന്നുണ്ട് ഇപ്പോൾ തൊഴിൽ ഒരുക്കുന്നതിനുള്ള  ക്രിയാത്മകമായ പദ്ധതിയാണ് ഇവിടെ സർക്കാർ ആവിഷ്കരിച്ചിരുന്നത്. നമുക്ക് അറിയാം ഒട്ടേറെ ദുരന്തങ്ങളാണ് ഈ കഴിഞ്ഞ ഘട്ടത്തിൽ നമുക്ക് നേരിടേണ്ടി വന്നത്. കഴിഞ്ഞ സർക്കാരിന്റെ സമയത്തായാലും ഇപ്പോൾ ആയാലും വലിയ പ്രശ്നങ്ങൾ തന്നെയാണ് നേരിട്ടത്. നൂറ്റാണ്ടിലെ വലിയ പ്രളയം അതിനെ തുടർന്നുള്ള അതിരൂക്ഷമായ കാലാവർഷകെടുത്തി ഒരു ഭാഗത്ത് നിപ്പ മറുഭാഗത്ത് ഓഖി പിന്നെ അവസാനം ലോകത്തെ ആകെ വിറപ്പിച്ച കോവിഡ് മഹാമാരി അപ്പോൾ ഇതിന്റെ ഭാഗമായി നാടിനു ഏൽക്കേണ്ടി വരുന്ന തിരിച്ചടി, അത്തരം ഒരു ഘട്ടത്തിൽ നമ്മുടെ നാടിനെ പിടിച്ചു നിൽക്കാനാകുമോ എന്ന സംശയം എല്ലാവർക്കുമുണ്ടായിരുന്നു പക്ഷെ കേരളം വലിയ ഒരുമയോടെ ജനങ്ങൾ ഒരുമയോടെ നിന്ന് ഈ കാര്യങ്ങൾ അതിജീവിക്കാൻ ശ്രമിച്ചു.
എന്തുകൊണ്ടാണ് കേരളത്തിന്റെ അതിജീവനം അത്ഭുതകരമായി പലരും കണ്ടത്. ഐക്യരാഷ്ട്രസഭാ സമിതിയുടെ കണക്കുകൾ പ്രകാരം, ഏറ്റവും ചുരുങ്ങിയ തോതുകൾ പ്രകാരം പോലും 31,000 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്. കേരളത്തിന്റെ വാർഷിക പദ്ധതി അടങ്കലിനു സമമായ തുക. അതുകൊണ്ടുതന്നെ ഒരു വർഷത്തെ പദ്ധതിക്കാകെ അവധി കൊടുത്താൽ പോലും കരകയറാനാവുമോ എന്നു പലരും ആശങ്കപ്പെട്ടു. ഈ ഘട്ടത്തിൽ ഈ കാര്യത്തിൽ നിന്ന് കരകേറാൻ ആവശ്യമായ സഹായം ലഭിച്ചില്ല എന്ന യാഥ്യാർഥ്യവും നിലനിൽക്കുന്നു അത് കേന്ദ്ര ഗവണ്മെന്റിൽ നിന്നാണ് ലഭിക്കേണ്ടിയിരുന്നത് എന്നാൽ ചിലർ സഹായിക്കാൻ തയ്യാറായപ്പോൾ ഞങ്ങൾക്ക് സഹായം വേണ്ട എന്ന് പറഞ്ഞുകൊണ്ട് വിലക്കുന്ന നിലയും അതിനോടൊപ്പമായുണ്ടായി. ഇത്തരത്തിലുള്ള ഒട്ടേറെ പ്രതികൂല ഘട്ടങ്ങൾ അതിജീവിച്ചു കൊണ്ടാണ് ഒരു നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമം നടത്തുന്നത്.

ഈ പ്രതിസന്ധി ഘട്ടത്തിൽ തന്നെയാണ് 50,000 കോടി എന്ന ലക്ഷ്യത്തെ അതിലംഘിച്ച് ബജറ്റേതര വിഭവ സമഹാരണവും വികസനാർത്ഥമുള്ള ധന വിനിയോഗവും അറുപത്തി രണ്ടായിരം കോടിയിലെത്തിച്ചത്. തകർന്നതൊക്കെ ഇനിയൊരിക്കലും ഒന്നിനും തകർക്കാനാകാത്ത തരത്തിൽ കാണെക്കാണെ കൺമുമ്പിൽ ഉയർന്നു വരുന്നതു ജനങ്ങൾ സംതൃപ്തിയോടെ കണ്ടു നിന്നത്.
ജനമനസ്സുകളിലെ ആ സംതൃപ്തിയാണ് ചരിത്രത്തിലാദ്യമായി തുടർഭരണം സംസ്ഥാനത്തു സാധ്യമാക്കിയത്. ഞങ്ങൾക്ക് ഒരു കാര്യം ഒറപ്പുണ്ടായിരുന്നു ജനങ്ങൾക്ക് ഞങ്ങളെ അറിയാം എന്നുള്ളതായിരുന്നു. അത് പൂർണമായും തെളിയിക്കും വിധത്തിലുള്ള തീരുമാനമായിരുന്നു ജനവിധിയായി വന്നത് അങ്ങനെയാണ് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷ ജനാതിപത്യ മുന്നണിക്ക് വീണ്ടും സർക്കാരിന് നേതൃത്വം കൊടുക്കാൻ കഴിഞ്ഞിട്ടുള്ളത്.

ഇവിടെ പ്രായോഗിക രാഷ്ട്രീയ - സാമ്പത്തിക ബദൽ കേരത്തിൽ ഉയർത്താൻ കഴിഞ്ഞു എന്നത് നാം അവകാശപ്പെടുന്നത് മാത്രമല്ല രാജ്യമാകെ അംഗീകരിക്കുന്ന കാര്യമാണ്. വിഭാഗീയ ചിന്തകൾക്കതീതമായി ജനങ്ങളെയാകെ ഒരുമിപ്പിക്കുന്ന മനുഷ്യത്വത്തിന്റെ രാഷ്ട്രീയം അധികാരത്തിലിരുന്നാലുണ്ടാവുന്ന മാറ്റമെന്താണെന്നത് അനുഭവങ്ങളിലൂടെ ജനങ്ങൾക്കു ബോദ്ധ്യപ്പെട്ടു. അതിനുള്ള അംഗീകാരം, ഏത് ദുരന്ത ഘട്ടത്തിലും ദുരന്തമനുഭവിക്കുന്നവർക്ക് ഒപ്പം സർക്കാർ ഉണ്ടാകും എന്ന ബോധ്യം, അതാണ് ഭരണത്തുടർച്ചയിലേക് നയിച്ചത് എന്നും മനസിലാക്കുകയാണ്.
അതുകൊണ്ട് തന്നെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നാടിൻറെ വികസനം ഉറപ്പുവരുത്തുക എന്നത് പ്രധാന കടമയായി കണ്ടുകൊണ്ട്തന്നെയാണ് സർക്കാർ പ്രവർത്തിച്ചു പോവുന്നത് കഴിഞ്ഞ അഞ്ചു വർഷകാലം ചെയ്ത കാര്യങ്ങൾ പലതും തുടർച്ചയായി തുടർ പ്രവർത്തനത്തിലൂടെ പൂർത്തീകരിക്കേണ്ടതുണ്ട്. പുതിയ പദ്ധതികൾ വരേണ്ടതായിട്ടുമുണ്ട്. ഒറ്റ ഉദാഹരണം മാത്രം ഞാൻ പറയാം ഇപ്പോൾ നിങ്ങൾ ഒരു വാർത്ത കണ്ടിട്ടുണ്ടാവും തിരുവനന്തപുരത്ത് ഒരു റിങ് റോഡ് വരുന്നു എന്നത്. വലിയ തോതിൽ ശ്രദ്ധിക്കപെടാത്ത ഒരു വാർത്തയായി പലരും അത് കണക്കാക്കിയിട്ടുണ്ടാകും എന്നാൽ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റുന്ന അതിബ്രിഹത്തായ ഒരു പദ്ധതിയായിട്ടാണ് അത് മാറാൻ പോകുന്നത്.  വലിയ തോതിൽ നാടിൻറെ വികസനത്തിന് വഴി വെയ്ക്കുന്ന ഒന്നായിരിക്കും ആ പദ്ധതി. ഇതുപോലുള്ള ചില പദ്ധതികൾ നേരത്തെ ഏറ്റെടുത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികൾക്ക് പുറമെ ഇവിടെ ഉയർത്തികൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ സർക്കാർ എപ്പോളും ജനങ്ങളുടെ മുന്നിലാണ് കാര്യങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ സർക്കാർ ഓരോ വർഷവും സർക്കാരിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള പ്രോഗ്രസ്സ് റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു ഇത്തവണയും ആദ്യവർഷം പൂർത്തിയാകുമ്പോൾ തന്നെ പ്രോഗ്രസ്സ് റിപ്പോർട്ട് അവതരിപ്പിക്കുന്ന നിലയുണ്ടാകും. സ്വാഭാവികമായും നമ്മുടെ കേരളത്തിന്റെ ഒരു പുതിയ സംസ്കാരം ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ട്. നേരത്തെ സർക്കാർ ഒരു കാര്യം പ്രഖ്യാപിച്ചാൽ അത് ഏതോ കാലം നടപ്പാകാം നടപ്പായില്ല എന്നും വരാം വലിയ തോതിൽ ശ്രദ്ധിക്കുന്ന അവസ്ഥ ഉണ്ടാവാറില്ല. എന്നാൽ ഇപ്പോൾ അതിനു മാറ്റം വന്നിരിക്കുന്നു എന്താണോ പറയുന്നത് അത് നടപ്പാകും എന്ന കാര്യത്തിൽ ജനങ്ങൾക്ക് ഉറപ്പുണ്ട് നടപ്പാക്കുന്ന കാര്യം മാത്രമേ പറയു എന്നത് സർക്കാരിന് നിർബന്ധമുണ്ട് അതുകൊണ്ടാണ് ചില പദ്ധതികൾ നടപ്പായാൽ തങ്ങളുടെ നിലനിൽപ് അപകടത്തിൽപെട്ടു പോകുമോ എന്ന ചിന്തയിലൂടെ ഈ നാടിനു ഏറ്റവും ഒഴിച്ചുകൂടാത്ത പദ്ധതികളെ അടക്കം എതിർക്കാൻ ചിലർ രംഗത്തുവരുന്നത്. ആ കൂട്ടത്തിൽ പെട്ടതാണ് കെ റെയിൽ ഒക്കെ. ഏതായാലും പ്രഖ്യാപനങ്ങൾ ഒന്നും പ്രഖ്യാപനങ്ങളായി കിടക്കേണ്ടതല്ല അതെല്ലാം പൂർത്തീകരിക്കേണ്ടതാണെന്ന ഉറപ്പുള്ള ഒരു സർക്കാരാണ് ഇത്. ആ നിലയിലായാണ് ഇനിയുള്ള കാര്യങ്ങളും നിർവഹിക്കാൻ  ശ്രമിക്കുക എന്നതാണ് പറയാനുള്ളത്. 

ഇവിടെ കോവിഡ് സ്കൂൾ വിദ്യാഭ്യാസത്തെ വലിയ തോതിൽ തകിടം മറിച്ചു. എന്നാൽ നാം നടപ്പാക്കിയ ഡിജിറ്റൽ പഠനരീതി നമ്മുടെ രാജ്യത്തിന് തന്നെ മാതൃകയായി ഉയർന്ന് നിൽക്കുകയാണ്.  അത്തരം കാര്യങ്ങളിൽ നാടും നാട്ടുകാരും വിദ്യഭ്യാസതല്പരരായ മുഴുവൻ ആളുകളും വലിയ തോതിൽ സഹകരിക്കാൻ തയ്യാറായി എന്നത് നാം പ്രതേകമായി തന്നെ കാണേണ്ടതാണ്. പൊതു വിദ്യാഭ്യാസം വലിയ തോതിൽ തകർച്ച നേരിടുന്ന ഘട്ടത്തിലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നാം ആരംഭിച്ചത് ഇതിലൂടെ നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം വലിയ തോതിൽ അഭിവൃദ്ധിപ്പെട്ടു എന്നതാണ് കാണാൻ നമുക് സാധിക്കുക. ഇവിടെ നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവിദ്യാലയങ്ങളിലേക്ക് അധികമായി എത്തിയ കുട്ടികൾ ഓരോ വർഷവും  വർദ്ധിച്ചു വർദ്ധിച്ചു വന്ന് ഇപ്പോളത്തെ കണക്ക് നോക്കിയാൽ 9,34,000 കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പുതുതായി വർദ്ധനവ് ഉണ്ടായി എന്നതാണ് കാണാൻ നമുക്ക് സാധിക്കുക.

നമ്മുടെ വിദ്യാലയങ്ങളിലെത്തുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച പഠന സൗകര്യം ഒരുക്കുക എന്ന ഉത്തരവാദിത്തം പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്തു. കിഫ്ബി ഫണ്ട്, പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട് മറ്റു ഫണ്ടുകൾ എന്നിവയെല്ലാം ഇതിനായി വിനിയോഗിച്ചു. അങ്ങനെ ഏതാണ്ട് 5,000 കോടി രൂപയ്ക്കടുത്ത് വരുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പാക്കിവരുന്നത്. 
120 നിയോജകമണ്ഡലങ്ങളിൽ 5 കോടി കിഫ്ബി സഹായത്തോടെയുള്ള കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നുകഴിഞ്ഞു. 3 കോടി കിഫ്ബി സഹായത്തോടെയുള്ള 96 കെട്ടിടങ്ങളും ഇതിനകം ഉദ്ഘാടനം ചെയ്തു. ഇപ്പോൾ 5 കോടി കിഫ്ബി സഹായത്തോടെയുള്ള 4 സ്കൂൾ കെട്ടിടങ്ങളുടേയും, 3 കോടി കിഫ്ബി സഹായത്തോടെയുള്ള 10 സ്കൂൾ കെട്ടിടങ്ങളുടേയും, 1 കോടി കിഫ്ബി സഹായത്തോടെയുള്ള 2 സ്കൂൾ കെട്ടിടങ്ങളുടേയും ഉദ്ഘാടനം നടക്കുകയാണ്. അതോടൊപ്പം പ്ലാൻ ഫണ്ടും മറ്റ് ഫണ്ടുകളും ഉപയോഗിച്ച് നിർമ്മിച്ച 37 സ്കൂൾ കെട്ടിടങ്ങളും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇന്നിവിടെ താക്കോൽ കൈമാറുന്ന ജി വി എച്ച് എസ് എസിന്റെ കെട്ടിടം കിഫ്ബി ഫണ്ടായ 5 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ചതാണ്. ഇത്തരത്തിൽ വിദ്യാലയങ്ങളെയും വിദ്യാഭ്യാസ സംവിധാനത്തെയാകെയും മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഫലമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നടത്തിയ പർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ തുടർച്ചയായി കേരളം ഒന്നാമത്തെ ശ്രേണിയിൽ നിലകൊള്ളുകയാണ്. നീതി ആയോഗ് നടത്തിയ സ്കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സിലും നാം ഒന്നാമതാണ്. യുണൈറ്റഡ് നേഷൻസും നീതി ആയോഗും നടത്തിയ എസ് ജി ഡി ഇന്ത്യ ഇൻഡക്സിലും കേരളം ഒന്നാം സ്ഥാനത്താണ്. ഇതിലെല്ലാം നമുക്ക് അഭിമാനിക്കാം. കാരണം നമ്മുടെ നാട് ഉയരുന്നു മറ്റ് പ്രദേശങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ നമ്മൾ ഉയരുന്നു അതിൽ അഭിമാനിക്കാത്തവരുണ്ടാകുമോ. എന്നാൽ അത്തരം കാര്യങ്ങളിൽ ഇതിനു കൂടെ നില്ക്കാൻ പറ്റാത്ത ചില മനസ്സുകൾ ഉണ്ടാകും  അവരുടേതായ ചില പ്രതികരണങ്ങൾ വേറെ കാണും അത് നമ്മുടെ നാടിനെ ബാധിക്കുന്ന ഒന്നല്ല എന്ന് നാം മനസിലാക്കേണ്ടതായിട്ടുണ്ട്. 

ഇവിടെ ഇത്തരത്തിൽ പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന് നല്ലതുപോലെ നമ്മുടെ നാട്ടുകാരും വിദ്യാഭ്യാസതല്പരരായ ആളുകളും ജനപ്രതിനിധികളും അതോടൊപ്പം സ്കൂളുകളുമായി ബന്ധപ്പെട്ടുള്ള അധ്യാപകരും വലിയ തോതിലുള്ള ശ്രമമാണ് നടത്തിയത് അവരെയെല്ലാം ഈ ഘട്ടത്തിൽ നന്ദി അറിയിക്കാൻ ഞാനീ അവസരം ഉപയോഗിക്കുകയാണ്. പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെട്ടതിനു അനുസൃതമായി ഉന്നതവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുക എന്നതാണ് ഇൗ സർക്കാർ ഇപ്പോൾ ഏറ്റെടുത്തിട്ടുള്ള കടമ അതിന്റെ ഭാഗമായി വലിയ തോതിൽ ഉന്നതവിദ്യാഭ്യാസമേഖല ശാക്തീകരിക്കാനുള്ള നീക്കങ്ങൾ തന്നെയാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകാൻ പോകുന്നത്.

ഒരു വൈജ്ഞാനിക സമൂഹം എന്ന കാഴ്ചപ്പാടോടുകൂടിയാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത് അതിനു ഉതകുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്ന് നല്ല തോതിൽ തന്നെ ഉണ്ടാകും. എല്ലാവരുടെയും സഹകരണം ഈ കാര്യങ്ങളിൽ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു. 
നിർമ്മാണം പൂർത്തിയാക്കിയ 53 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചതായും പൂവച്ചൽ ജി വി എച്ച് എസ് എസിൽ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ താക്കോൽ കൈമാറിയതായും അറിയിക്കുന്നു. നൂറുദിന കർമ്മപരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യുന്നു. നിങ്ങൾക്കെന്റെ അഭിവാദനങ്ങൾ.

Post a Comment

Previous Post Next Post